നെഹ്റു ട്രോഫി വള്ളംകളി അന്തിമഫലം ഉടനറിയാം; മത്സരത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) പ്രഖ്യാപനത്തിന് പിന്നാലെ നെഹ്റുട്രോഫി വള്ളംകളിയുടെ അന്തിമഫലം വേഗത്തിലാക്കാൻ നീക്കം. ഈമാസം 30ന് പുന്നമടയിൽ നടന്ന മത്സരത്തിന്റെ വീഡിയോ അടക്കം പരിശോധിച്ച് ജൂറി ഓഫ് അപ്പീലിന് മുന്നിൽ ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മത്സരത്തിന്റെ ചീഫ് സ്റ്റാർട്ടർ, അമ്പയർ, നിരീക്ഷകർ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
അടുത്തദിവസം തന്നെ ജൂറി ഓഫ് അപ്പീൽ കമ്മിറ്റി യോഗം ചേർന്നത് തീരുമാനമെടുക്കും. എ.ഡി.എം (ചെയർമാൻ), ജില്ല ഗവ. പ്ലീഡർ, ജില്ല ലോ ഓഫിസർ, എൻ.ടി.ബി.ആർ എക്സിക്യൂട്ടിവ് അംഗങ്ങളായ സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ് എന്നിവരടങ്ങുന്നതാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. നെഹ്റുട്രോഫി വള്ളംകളിയുടെ ഫൈനലിൽ നാലുചുണ്ടനുകളാണ് മത്സരിച്ചത്. ഇതിൽ ഒന്നാംസ്ഥാനക്കാരെ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു ജലരാജാവ്. 4:21:084 മിനിറ്റിലാണ് വീയപുരം ചുണ്ടൻ ഒന്നാമതെത്തിയത്. ഫൈനലിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (4:21:782) രണ്ടാമതായും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ (4:21:933) മൂന്നാമതായും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4:22:035) നാലാമതായും ഫിനിഷ് ചെയ്തു. ഇതിന് പിന്നാലെ ക്ലബുകളുടെ പരാതി ഉയർന്നതോടെയാണ് അന്തിമവിധി പ്രഖ്യാപനം പരിശോധനക്കുശേഷം നടത്താൻ തീരുമാനിച്ചത്. നിയമലംഘനം നടത്തിയ വള്ളങ്ങളെ അയോഗ്യരാക്കിയാൽ നിലവിലെ സ്ഥാനങ്ങൾ മാറിമറിയും. ഇത് സി.ബി.എല്ലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്ലബുകാരും വള്ളസമിതിയും. നെഹ്റുട്രോഫിയിൽ ആദ്യഒമ്പത് സ്ഥാനക്കാരാണ് സി.ബി.എല്ലിൽ മത്സരിക്കുന്നത്.
ഈമാസം 19ന് ആലപ്പുഴ കൈനകരിയിൽ ആദ്യമത്സരം തുടങ്ങുന്നതിന് മുമ്പ് നെഹ്റുട്രോഫിയുടെ തർക്കം പരിഹരിക്കണം. വിധി പ്രഖ്യാപനം വൈകുന്നതിനാൽ വള്ളങ്ങൾക്കുള്ള ബോണസ് വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. ചുണ്ടൻവള്ളങ്ങൾക്കുള്ള ബോണസ് വിജയികളുടെ സ്ഥാനം കണക്കാക്കിയാണ് നിശ്ചയിക്കുന്നത്. സ്ഥാനങ്ങൾക്കനുസരിച്ച് നൽകുന്ന ബോണസിലും വ്യത്യാസമുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ വള്ളങ്ങൾക്ക് ബോണസ് ലഭിക്കില്ല. മത്സരിച്ച ചെറുവള്ളങ്ങളുടെ കാര്യത്തിലും പരിശോധ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ അഞ്ച് മത്സരം; തീപാറും പോരാട്ടത്തിന് കളമൊരുങ്ങി
ആലപ്പുഴ: ഈമാസം 19ന് കൈനകരിയിൽ തുടങ്ങുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജില്ലയിൽ അഞ്ച് മത്സരം. കൈനകരി കൂടാതെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം എന്നിവിടങ്ങളിലാണ് മത്സരം. വീയപുരം, നടുഭാഗം, മേൽപാടം, നിരണം, പായിപ്പാടൻ, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം എന്നീ ചുണ്ടനകുളാണ് ഇക്കൊല്ലത്തെ സി.ബി.എല്ലിൽ മത്സരിക്കാൻ സാധ്യത.
എന്നാൽ ഫൈനലിൽ മത്സരിച്ച വള്ളങ്ങൾക്ക് അയോഗ്യത നേരിട്ടാൽ സി.ബി.എൽ ടീം ഘടനയിൽ മാറ്റം വരും. പുന്നമടയിൽ ഹാട്രിക്ക് മോഹവുമായി പോരിനിറങ്ങി പള്ളാത്തുരുത്തി ബോട്ട് ക്ലബിന് പകരംവീട്ടാനുള്ള അവസരമാണ് സി.ബി.എൽ. വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് വീയപുരവും നിരണവും പായിപ്പാടും കാരിച്ചാലും പോരിനിറങ്ങുന്നത്. ഹീറ്റ്സുകളിൽ മികച്ച സമയം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലബുകാരും വള്ളസമിതിയും.