Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദുരിതത്തിന് ശമനമില്ല;...

ദുരിതത്തിന് ശമനമില്ല; ജില്ലയിൽ രണ്ടുമരണം -ആലപ്പുഴ നഗരത്തിൽ 500 വീടുകളിൽ വെള്ളംകയറി

text_fields
bookmark_border
ദുരിതത്തിന് ശമനമില്ല; ജില്ലയിൽ രണ്ടുമരണം -ആലപ്പുഴ നഗരത്തിൽ 500 വീടുകളിൽ വെള്ളംകയറി
cancel
camera_alt

ആലപ്പുഴ ആറാട്ടുവഴി ഭാഗത്തെ വീടുകളിലും വഴിയിലും വെള്ളംകയറിയപ്പോൾ

ആലപ്പുഴ: കനത്തമഴയിൽ ദുരിതത്തിന് ശമനമില്ല. ജില്ലയിൽ രണ്ടുമരണം. കായംകുളുത്ത് മത്സ്യബന്ധനത്തിനുപോയ അന്തർസംസ്ഥാന തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷ സ്വദേശി ബിശ്വനാഥ് സേട്ടിയാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ കായംകുളം എൻ.ടി.പി.സി പടിഞ്ഞാറുവശമാണ് സംഭവം. ആലപ്പുഴ മംഗലത്ത് കുളിക്കാനിറങ്ങി തിരയിൽപെട്ട് മരിച്ചതാണ് മറ്റൊന്ന്. വികസനം ജങ്ഷന് പടിഞ്ഞാറ് വൈക്കത്ത് വീട്ടിൽ ഷിബുവിന്‍റെ മകൻ ഷിജിൻ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. ഞായാഴ്ച അരൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചിരുന്നു. ഇതോടെ കാലവർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴയുടെ തീരത്തും ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച രാവിലെ 05.30 മുതൽ 28ന് രാത്രി 11.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതെന്നും നിർദേശമുണ്ട്.

ദേശീയപാത നിർമാണത്തിന്‍റെ അശാസ്ത്രീയതിൽ ആലപ്പുഴയിലെ നഗരത്തിൽ 500ലധികം വീടുകളിൽ വെള്ളംകയറി. ആലപ്പുഴ ബൈപാസിൽ ആറാട്ടുവഴി, കളപ്പുര ഭാഗത്ത് അശാസ്ത്രീയമായ നടപ്പാതയുടെയും ഓടയുടെയും നിർമാണം മൂലമാണ് ഒറ്റമഴയിൽ നൂറുകണക്കിന് വീടുകളിൽ വെള്ളംകയറിയത്. ആറാട്ടുവഴി, കളപ്പുര, കാരിഞ്ഞംചിറ പ്രദേശത്തെ വീട്ടുകാരാണ് ദുരിതത്തിലാണ്. വീടിനകത്തേക്ക് അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറിയതിനാൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. സഞ്ചാരപാതയിലും വെള്ളംനിറഞ്ഞു. പ്രാഥമിക ആവശ്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒറ്റമഴയിൽ പ്രദേശമാകെ മുങ്ങിയിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

Show Full Article
TAGS:Alappuzha localnews Deaths 
News Summary - No respite from distress; two deaths in the district — water enters 500 houses in Alappuzha city
Next Story