താമരക്കുളത്ത് കവചവാലൻ പാമ്പ്
text_fieldsചാരുംമൂട്: താമരക്കുളത്ത് കവചവാലൻ പാമ്പിനെ കണ്ടെത്തി. ഇരുതല മൂരിയെന്ന സംശയത്തിൽ പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനെന്ന് വനപാലകരാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ താമരക്കുളം ജങ്ഷന് കിഴക്ക് മാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന പാമ്പിനെ കണ്ടത്.
മണിയൻപിള്ളയും അവിടെയുണ്ടായിരുന്നവരും ചേർന്ന് പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി. വിവരം അറിയിച്ചതോടെ സ്ഥലത്തുവന്ന പഞ്ചായത്ത് അംഗം റെനി തോമസ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരയും പൊലീസിനെയും അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തു. തുടർന്നാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും കവചവാലൻ എന്നറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പാണെന്നും സ്ഥിരീകരിച്ചത്. പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത പാമ്പ് വർഗമാണ് കവചവാലൻ.അപൂർവമായി മാത്രമാണ് ഇവയെ നാട്ടിൻപുറത്ത് കാണപ്പെടുന്നത്.


