ജില്ലയിലെ അംഗൻവാടി മെനുവും ഇനി പോഷകസമൃദ്ധം, രുചിമേളം
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ജില്ലയിലെ എല്ലാ അംഗൻവാടികളിലും ഇനിമുതൽ പുതിയ പോഷകസമൃദ്ധമായ ഭക്ഷണ മെനു. ഇത് നടപ്പാക്കുന്നതിന്റെയും പോഷണ മാസാചരണത്തിന്റെയും ജില്ലതല ഉദ്ഘാടനം മാരിക്കുളം തെക്ക് പഞ്ചായത്തിലെ 75ാം നമ്പർ അംഗൻവാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.
പരിഷ്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുക. തിങ്കളാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/തോരൻ, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം. ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.
ബുധനാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചക്ക് പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി. വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചക്ക് ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്പാർ, മുട്ട ഓംലറ്റ്, പൊതുഭക്ഷണമായി അവൽ, ശർക്കര, പഴം മിക്സ്. വെള്ളിയാഴ്ച പ്രാതലായി പാൽ, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചക്ക് വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണമായി ധാന്യ പായസം എന്നിവയാണ് നൽകുക.
ഓരോ വിഭവങ്ങളും തയാറാക്കാനുള്ള ചേരുവകളും അവയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യവും ഉൾപ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. എൻ.എൻ.എം ഡി.പി.എ ആർ. അഞ്ജന പ്രീ സ്കൂൾ കുട്ടികളുടെ പോഷണ നിലവാര സ്ക്രീനിങ് നടത്തി.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകന്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി.എസ്. സുയമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ശരവണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ രജിമോൾ ശിവദാസ്, പി.എസ്. ശിഖി വാഹനൻ, എസ്. ജയചന്ദ്രൻ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ ജെ. മായാലക്ഷ്മി, ആര്യാട് സി.ഡി.പി.ഒ പ്രവ്ദ പീറ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിനി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.