അവഗണനയേറെ: ദേശാടനപ്പക്ഷികളുടെ പറുദീസയായി ചേരുങ്കൽ
text_fieldsചങ്ങരം പാടത്തെത്തിയ ദേശാടനപ്പക്ഷികൾ
തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കൽ പ്രദേശം ദേശാടനപ്പക്ഷികളുടെ ഇഷ്ടസ്ഥലമാണ്. ഇവിടെനിന്നും പക്ഷികളും നിരീക്ഷകരും അകലുന്നു. ജില്ലയിലെ പ്രധാന പക്ഷിനിരീക്ഷകരുടെ താവളമാണ് ചങ്ങരം പ്രദേശം. പാടശേഖരങ്ങളുടെ മധ്യത്തിലൂടെ പോകുന്ന ചങ്ങരം-ചേരുങ്കൽ റോഡ് കെ.ആർ. ഗൗരിയമ്മ കൃഷി മന്ത്രിയായിരിക്കെയാണ് നിർമാണം പൂർത്തീകരിച്ചത്. അതുവരെ കിലോമീറ്ററോളം പാടശേഖരങ്ങളുടെ വരമ്പുകളിലൂടെയായിരുന്നു തീരെമേഖലയിലുള്ളവർ യാത്ര ചെയ്തിരുന്നത്. ഇവിടെയെത്തുന്ന അപൂർവയിനം ദേശാടനപ്പക്ഷികൾക്ക് കണക്കില്ല. വാലനെരണ്ട, ചുള്ളൻ ഇരണ്ട, നീലകോഴികൾ, കുളക്കോഴികൾ, പവിഴക്കാലി കൊക്ക്, കുളക്കൊക്ക്, കക്കാമീൻ കൊക്ക്, പച്ച ഇരണ്ട, വർണകൊക്ക്, ചെറിയ രാജഹംസം തുടങ്ങിയ ഇരുന്നൂറിനു മുകളിൽ പക്ഷിയിനങ്ങളാണ് എന്നാൽ, വിനോദസഞ്ചാരികൾക്കായി ഒരു സൗകര്യവും ഇവിടെ ഇല്ല. പക്ഷി പ്രേമികൾക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറാകുന്നില്ല. ചങ്ങരം പാടശേഖരങ്ങൾ പക്ഷിസങ്കേതമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നരപതിറ്റാണ്ട് പിന്നിടുന്നു.
2014 മുതൽ 2021 വരെ ആറായിരത്തിലധികം നിരീക്ഷണം നടത്തിയപ്പോഴാണ് ഇരുനൂറിലേറെ പക്ഷിയിനങ്ങളെ കണ്ടെത്തിയത്. നാട്ടുപക്ഷികളെ കൂടാതെ നൂറോളം വർഗത്തിൽപെട്ട ദേശാടനപ്പക്ഷികൾ ഓരോ വർഷവും ചങ്ങരംപാടത്ത് എത്താറുണ്ട്. ധ്രുവ പ്രദേശങ്ങളിൽനിന്ന് എത്തുന്ന പക്ഷികൾ മുതൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പക്ഷികളും ഇവിടെ എത്താറുണ്ട്.
ചങ്ങരം പാടശേഖരങ്ങളിൽ മത്സ്യകൃഷി കഴിയുമ്പോൾ പാടങ്ങളിലെ വെള്ളം വറ്റിക്കും. വെള്ളം വറ്റിത്തുടങ്ങുമ്പോൾ പാടത്തെ ചെറുമീനുകളും ചെറുപാണികളും സൂക്ഷ്മജീവികളും ഇവിടെ നിറയും. ഇതിനെ കൊത്തിത്തിന്നാൻ വേണ്ടിയാണ് പക്ഷികൾ എത്തുന്നത്. ഒട്ടേറെ വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും ചങ്ങരത്ത് എത്തുന്നുണ്ട്. പക്ഷികളെ നിരീക്ഷിക്കാൻ ടവർ പണിയാനുള്ള നീക്കം വർഷങ്ങൾക്ക് മുമ്പ് ആലോചിച്ചിരുന്നു. അക്വാടൂറിസം പദ്ധതിയും കടലാസിലൊതുങ്ങി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അവസാന നാളിൽ 150 കോടി രൂപ ചെലവിട്ട് ചേരുങ്കൽ പ്രദേശം അക്വാടൂറിസം പദ്ധതിയിൽപെടുത്തി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
തുടർന്ന് ചേരുങ്കൽ പ്രദേശത്തേക്ക് നിർമിച്ച റോഡിന്റെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം പാകി ഔഷധത്തൈകളും ഫലവൃക്ഷ തൈക്കളും നട്ടുപിടിപ്പിച്ചിരുന്നു. വിനോദസഞ്ചാരികൾക്കും പക്ഷി നിരീക്ഷണത്തിനെത്തുന്നവർക്കുമായി ഹോംസ്റ്റേ, വാട്ടർ സ്പോർട്സ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതും നടപ്പായില്ല. ‘പക്ഷികളെ കൊല്ലരുത്’ എന്ന് വിളിച്ചറിയിക്കുന്ന വനംവകുപ്പിന്റെ ഒരു ബോർഡ് മാത്രമാണ് സർക്കാറിന്റേതായി ഇവിടെയുള്ളത്. മാലിന്യം തള്ളാനുള്ള ഇടമായി പാടശേഖരത്തിൽ മാറ്റരുതെന്നാണ് സഞ്ചാരികളുടെ അപേക്ഷ.