കുട്ടനാട്ടിൽ നെല്ല് സംഭരണം തുടങ്ങി
text_fieldsനെല്ല് സംഭരണം തുടങ്ങിയ കുട്ടനാട്ടിൽ നെല്ല് ചാക്കുകളിൽ നിറച്ച് ലോറികളിൽ കയറ്റുന്നതിനായി കൊണ്ടുപോകുന്നു
ആലപ്പുഴ: നെല്ല് സംഭരണത്തിൽ സർക്കാറും മില്ലുടമകളുമായുള്ള തർക്കം തുടരുന്നതിനിടെ ഒരു മില്ലുകാർ സംഭരണത്തിന് തയാറായെത്തി. കുട്ടനാട്ടിൽനിന്ന് ഇവർ ശനിയാഴ്ച നെല്ല് സംഭരിച്ച് തുടങ്ങി. സംഭരണത്തിന് തയാറായി എത്തുന്ന മില്ലുകാർ ഓരോരുത്തരുമായി ചർച്ച നടത്തി ധാരണപത്രം തയാറാക്കാനാണ് സപ്ലൈകോ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ മില്ലുടമകൾ സംഭരണത്തിന് തയാറാകുമെന്ന പ്രതീക്ഷയാണ് സപ്ലൈകോ അധികൃതർ പറയുന്നത്. 52 അരിമില്ലുകളാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിന് സർക്കാറുമായി കരാറിൽ ഏർപെടാറുള്ളത്.
മഴയും വെള്ളക്കെട്ടും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത് കുട്ടനാട്ടിലായതിനാലാണ് ആദ്യം അവിടെ സംഭരണം തുടങ്ങുന്നത്. കുട്ടനാട്ടിൽ ഒരു മില്ലുകാർ നെല്ല് സംഭരിക്കുന്നുണ്ടായിരുന്നു. അവരുടെ കരാർ 27ന് അവസാനിക്കും. ശനിയാഴ്ച രാവിലെ ഭക്ഷ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്.
സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരുവാറ്റ ഈഴഞ്ചീരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മില്ല് സംഭരിക്കും. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ മില്ലുകൾ സഹകരിക്കാത്തത് കാരണം നേരത്തേ നെല്ല് സംഭരണം തടസ്സപ്പെട്ടിരുന്നു.
75 ലോഡ് നെല്ല് കെട്ടിക്കിടക്കുന്ന ജില്ലയിൽ അടിയന്തരസംഭരണം നടത്തണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നിരുന്നു. അതേസമയം, കൊയ്ത്ത് 90 ശതമാനവും കഴിഞ്ഞ പാലക്കാട്ട് സംഭരണം തുടങ്ങിയിട്ടില്ല. അവിടെ കൊയ്ത നെല്ല് സൂക്ഷിക്കുന്നതിന് അത്യാവശ്യ സംവിധാനങ്ങളുള്ളതിനാലാണ് അടിയന്തരമായി കുട്ടനാട്ടിലെ നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്.
കുട്ടനാട്ടിൽ കൊയ്ത നെല്ല് പാടവരമ്പിലും റോഡ്വക്കിലും കൂട്ടിയിട്ടിരിക്കയാണ്. ശനിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ്, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, പാഡി മാനേജർ കവിത തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് നെല്ല് സംഭരിക്കാൻ തീരുമാനമായത്. ഏതാനും മില്ലുകാർ കൂടി സംഭരണത്തിന് തയാറായി വന്നിട്ടുണ്ടെന്നും അവരുമായി ഉടൻ ധാരണപത്രം ഒപ്പുവെക്കുമെന്നും അറിയുന്നു.
100 കിലോ നെല്ലിന് 68 കിലോ അരി നൽകണമെന്ന (ഔട്ട് ടേൺ റേഷ്യോ) കേന്ദ്ര സർക്കാർ വ്യവസ്ഥയെ ചൊല്ലിയാണ് തർക്കം. 64 കിലോ അരിയെ നൽകാനാവൂ എന്നാണ് മില്ലുകാരുടെ വാദം. 66.5 കിലോ നൽകിയാൽ ബാക്കി തുക നഷ്ടപരിഹാരമായി നൽകാമെന്ന സംസ്ഥാന സർക്കാർ നിർദേശം മില്ലുടമകളുടെ സംഘടന അംഗീകരിക്കുന്നില്ല. അതോടെ സംഘടനയുമായുള്ള ചർച്ച സർക്കാർ അവസാനിപ്പിച്ചു. അതിനുശേഷമാണ് സർക്കാർ വ്യവസ്ഥ അംഗീകരിച്ച് സംഭരിക്കാൻ തയാറായി മില്ലുകാർ സ്വന്തം നിലയിൽ മുന്നോട്ടുവന്നു തുടങ്ങിയത്.


