‘പണി’ ആയുധങ്ങൾ ലൈവായി കിട്ടും; കൗതുകമുണർത്തി വഴിയോരത്തെ ആലകൾ
text_fieldsവഴിയോരത്തെ താൽക്കാലിക ആലയിൽ നിർമിച്ച ആയുധങ്ങളുമായി തൊഴിലാളികൾ
മണ്ണഞ്ചേരി: മിനിറ്റുകൾ കാത്തിരിന്നാൽ ലൈവായി ഇഷ്ടമുള്ള പണിയായുധങ്ങൾ കിട്ടും. അതും ഗുണമേന്മയുള്ളതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ. വഴിയോരത്ത് ആല തീർത്ത് പണിയായുധങ്ങൾ നിർമിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളാണ് കാഴ്ചക്കാർക്ക് കൗതുകത്തിനൊപ്പം ആവശ്യമുള്ള ആയുധങ്ങളും ലഭ്യമാക്കുന്നത്. രണ്ട് മാസത്തിലധികമായി നൂറോളം തൊഴിലാളികൾ കേരളത്തിൽ എത്തിയിട്ട്. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിലെ ഗോവിന്ദപുരം ഗ്രാമവാസികളായ കുടുംബമാണ് ഉരുക്കിൽ പണിയായുധങ്ങൾ നിർമിക്കുന്നത്.
ഇതിന് നേതൃത്വം നൽകുന്നത് സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ്. വിവിധങ്ങളായ അരിവാളുകൾ, പിച്ചാത്തികൾ, കോടാലികൾ, തോട്ടികൾ തുടങ്ങിയവയാണ് പ്രധാനമായും നിർമിക്കുന്നത്. ആദായവിലക്ക് കിട്ടുമെന്നതും നേട്ടമാണ്. ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ആയുധങ്ങൾ പണിയുന്നത്.
ഇതിനൊപ്പം പഴയ അരിവാളും വെട്ടുകത്തിയുമെല്ലാം കാച്ചി മൂർച്ച കൂട്ടിയും കൊടുക്കുന്നു. പണികൾക്കൊപ്പം ഇവർക്ക് വേണ്ട ഭക്ഷണവും ഇതേ ആലയിൽ തന്നെയാണ് തയാറാക്കുന്നത്. ജോലിയും വിശ്രമവും ഭക്ഷണവും ഉറക്കവുമെല്ലാം ഈ വഴിയോരത്താണ്. വേനൽ കത്തിയെരിയുമ്പോൾ വലിയ രണ്ട് കുടകൾ നിവർത്തിവെക്കും. ഒരു സ്ഥലത്ത് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ തമ്പടിക്കും.
ദേശീയപാതയിൽ കൊമ്മാടി ഭാഗത്തും മണ്ണഞ്ചേരി അടിവാരം, മുഹമ്മ ജങ്ഷനുസമീപം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ കച്ചവടം നടത്തുന്നു. ദിവസവും ആയിരക്കണക്കിന് രൂപയുടെ പണിയായുധങ്ങളാണ് വിറ്റഴിക്കുന്നത്. വാഹനങ്ങളുടെ പ്ലേറ്റാണ്പണിയാധുങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്നത്.
കൺമുന്നിൽ ആലയിൽ ഇട്ട് ചുട്ട് പഴുപ്പിച്ച് ആയുധരൂപത്തിലേക്ക് മാറ്റുന്ന കാഴ്ചയും ആരെയും ആകർഷിക്കുന്നതാണ്. ഗോവിന്ദപുരം ഗ്രാമത്തിൽ നിന്ന് മാത്രം 70 ഓളം കുടുംബങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ട്.കാലവർഷത്തിന് മുമ്പ് നാട്ടിലേയ്ക്ക് തിരിക്കും. കേരളത്തിലെ കച്ചവടം മെച്ചമായത് കൊണ്ടാണ് കുലത്തൊഴിലുമായി ഇവരെ ഇങ്ങോട്ട് എത്താൻ പ്രേരിപ്പിക്കുന്നത്.