വെള്ളമുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം, കുടിക്കാൻ വെള്ളമില്ല; വിതരണ ശൃംഖലയിലെ തകരാർമൂലം കുടിവെള്ളത്തിനായി പരക്കംപാഞ്ഞ് നഗരവാസികൾ
text_fieldsകായംകുളം നഗരത്തിൽ വെള്ളം എത്തുന്ന കൊറ്റുകുളങ്ങരയിലെ സംഭരണടാങ്ക്
കായംകുളം: വെള്ളം സുലഭമാണെങ്കിലും വിതരണ ശൃംഖലയിലെ തകരാർ കാരണം നഗരവാസികൾ കുടിനീരിനായി പരക്കം പായേണ്ട സ്ഥിതിയിലാണ്. ദേശീയപാതക്ക് പടിഞ്ഞാറുള്ളവരാണ് പ്രതിസന്ധി നേരിടുന്നത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണ പൈപ്പുകൾ വെട്ടിമുറിച്ചതാണ് ഈ ഭാഗത്തേക്കുള്ള വിതരണം തടസ്സപ്പെടാൻ കാരണം. കൂടാതെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പുകൾ മിക്കയിടത്തും പൊട്ടിപ്പൊളിഞ്ഞതും പ്രശ്നമാണ്. ഇതിന് പരിഹാരമുണ്ടായാലേ നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ.
12 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പത്തിയൂർ പ്ലാന്റിൽനിന്നാണ് നഗരത്തിൽ കുടിവെള്ളമെത്തുന്നത്. അച്ചൻകോവിലാറ്റിൽനിന്ന് കണ്ടിയൂർ പമ്പ്ഹൗസ് വഴി പത്തിയൂർ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിലും ആറാട്ടുപുഴ പഞ്ചായത്തിലും വെള്ളം എത്തിക്കുന്നത്. സൂനാമി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് സ്ഥാപിച്ചത്. അമൃത് പദ്ധതിയിൽനിന്ന് 19 കോടി അനുവദിച്ചതോടെ നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഇതിൽ 10 കോടിയും കാലഹരണപ്പെട്ട പൈപ്പ് ലൈൻ മാറ്റാനാണ് വിനിയോഗിക്കുന്നത് കൂടാതെ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിനും നിർദേശമുണ്ട്. ഇത് പൂർത്തീകരിക്കുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. അതേസമയം, ഹരിപ്പാട് മണ്ഡലത്തിലെ പള്ളിപ്പാട് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം വൈകുന്നത് തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നുന്നുണ്ട്. കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിലെ ജനങ്ങളാണ് ഇവിടെനിന്നുള്ള വെള്ളത്തിനായി കാത്തിരിക്കുന്നത്. കൊട്ടിഗ്ഘോഷിച്ച ജൽജീവൻ പദ്ധതി ഇഴയുന്നതും തീരമേഖലയെയാണ് ബാധിച്ചത്. സ്വന്തമായ ജലസംഭരണികൾ ഇല്ലാത്തതാണ് ജൽജീവൻ പദ്ധതിയുടെ പോരായ്മ.
തീരദേശമേഖലയിൽ ജൽജീവൻ പദ്ധതിയിൽ ഒന്നാംഘട്ട പ്രവർത്തനം മാത്രമേ പൂർത്തീകരിക്കാനായുള്ളു. ഇവിടങ്ങളിൽ കുറച്ചുവീടുകളിൽ പൈപ്പ് ലൈൻസ്ഥാപിക്കുകയും വാട്ടർ അതോറിറ്റിയുടെ സംവിധാനത്തിലൂടെ വെള്ളം എത്തിക്കുകയും ചെയ്യുന്നു. കണ്ടല്ലൂരിന്റെ തീരമേഖല ഗുരുതരമായ കുടിവെള്ള പ്രശ്നത്തെ നേരിടുന്നുണ്ട്. ഇവിടങ്ങളിൽ നേരിട്ട് പമ്പ് ചെയ്യുന്ന കുഴൽകിണറുകളാണ് ആശ്രയം. ഇത് കുടിക്കാൻ യോഗ്യമല്ലെന്നാണ് ജനം പറയുന്നത്. ഒമ്പത്, 10 വാർഡുകളിലെ ജനങ്ങളാണ് ഇതുകാരണം ഏറെ വലയുന്നത്.
കണ്ടല്ലൂർ പൈപ്പ് ജങ്ഷനിൽ 18 വർഷം മുമ്പ് പൊളിച്ചുമാറ്റിയതിന് പകരമായി സംഭരണ ടാങ്ക് സ്ഥാപിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. നിർദിഷ്ട പള്ളിപ്പാട് കുടിവെള്ള പദ്ധതിയിലാണ് കണ്ടല്ലൂരുകാരുടെ പ്രതീക്ഷ. എന്നാലിതിന്റെ കമീഷനിങ് വൈകുന്നത് പ്രയാസപ്പെടുത്തുകയാണ്. വേനൽകടുത്തതോടെ ജലനിരപ്പ് താഴുന്നത് നിലവിലെ പദ്ധതികളെ ബാധിക്കുന്നതും പ്രശ്നമാണ്. പലരും കിലോമീറ്റർ സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. നേരിട്ടുള്ള പമ്പിങ് നടക്കുന്ന ദേവികുളങ്ങരയിലും സമാനസ്ഥിതിയാണ്. നിലവിൽ പടിഞ്ഞാറൻ മേഖലയിലാണ് ഇവിടെയും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. എന്നാൽ, പഞ്ചായത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ടാങ്കറിൽ വെള്ളം എത്തിച്ചു നൽകുമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ പറയുന്നത്. ദേവികുളങ്ങരക്കാരും പള്ളിപ്പാട് കുടിവെള്ള പദ്ധതി പൂർത്തിയാകുന്നത് കാത്തിരിക്കുകയാണ്.
പാതിവഴിയിൽ ജൽജീവൻ പദ്ധതി
കിണറുകൾ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ഭരണിക്കാവ്, കൃഷ്ണപുരം, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നിലവിൽ കാര്യമായ പ്രശ്നങ്ങളില്ല. ഇവിടങ്ങളിലും ജൽ ജീവൻ പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടാംഘട്ട പൈപ്പ് ലൈൻ സ്ഥാപിക്കലും സംഭരണി നിർമിക്കലും എല്ലായിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ഹരിപ്പാട് മണ്ഡലത്തിലെ പള്ളിപ്പാട് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുമ്പോൾ പത്തിയൂർ സംഭരണശാലയിൽനിന്ന് ആറാട്ടുപുഴക്ക് വെള്ളം എത്തിക്കുന്നത് ഒഴിവാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ പള്ളിപ്പാട് പദ്ധതിയിൽനിന്ന് ദേവികുളങ്ങരയെ ഒഴിവാക്കി പകരം പത്തിയൂരിൽനിന്ന് വെള്ളം എത്തിക്കുന്നത് ഏറെ സൗകര്യമാകുമെന്ന നിർദേശമുയർന്നിട്ടുണ്ട്. നിലവിൽ കെ.പി.എ.സി ഭാഗം വരെ വിതരണ ശൃംഖലയും നിലവിലുണ്ട്.
ദേവികുളങ്ങരയിലേക്ക് പത്തിയൂർ പ്ലാന്റിൽനിന്ന് വെള്ളം എത്തിക്കാൻ സൗകര്യം വേണമെന്നതാണ് തന്റെ നിലപാടെന്ന് യു. പ്രതിഭ എം.എൽ.എ പറയുന്നു. തീരമേഖല നേരിടുന്ന കുടിവെള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാകും.
കൃഷ്ണപുരത്ത് ഊർജിതശ്രമം
കുഴൽകിണറ്റിൽനിന്നുള്ള ജലലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായ കൃഷ്ണപുരത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ശുദ്ധജലം ലഭ്യമാക്കാൻ ഊർജിത ശ്രമം നടക്കുകയാണ്. പഞ്ചായത്തിന്റെ കുറച്ച് ഭാഗങ്ങളും നഗരാതിർത്തിയിലെ ജനങ്ങളുമാണ് ഇതിന്റെ പ്രയാസം അനുഭവിക്കുന്നത്. മുക്കട ജങ്ഷൻ കൊട്ടാരം റോഡിൽ പാലം വരെ വിതരണം സുഗമമായി നടക്കുന്നുണ്ട്. അവിടെനിന്നും പടിഞ്ഞാറോട്ടുള്ളവർക്കും വടക്ക് ഭാഗത്തുള്ളവർക്കുമാണ് വെള്ളം കിട്ടാക്കനിയായിരിക്കുന്നത്.
മാലൂത്തറ ഭാഗത്തെ കുഴൽ കിണറ്റിൽനിന്നുള്ള വെള്ളവും നഗരത്തിൽനിന്ന് പൈപ്പുവഴി എത്തിയിരുന്ന വെള്ളവുമാണ് പ്രദേശത്ത് ലഭിച്ചിരുന്നത്. പൈപ്പു ജലത്തിന്റെ ശക്തി കുറഞ്ഞ് ടാങ്കുകളിൽ വെള്ളം കയറാത്തതാണ് പ്രശ്നം. ഇതിന് അടിയന്തര പരിഹാരം കാണുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.