മയക്കുവെടിക്ക് അനുമതി; വനപാലകരെ വട്ടം ചുറ്റിച്ച് കാട്ടുപോത്ത്
text_fieldsകാട്ടുപോത്തിനെ കണ്ട ചുനക്കര ഭാഗത്തെ പരിശോധനക്കിടെ ഡി.എഫ്.ഒ ബി.ആർ. ജയനുമായി എം.എസ്. അരുൺകുമാർ
എം.എൽ.എ വിവരങ്ങൾ ചോദിച്ചറിയുന്നു
ചാരുംമൂട്: നൂറനാട്ട് കാണപ്പെട്ട കാട്ടുപോത്തിനെ കണ്ടെത്താൻ വനപാലക സംഘം തെരച്ചിൽ ഊർജിതമാക്കി. ചുനക്കര ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതോടെ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തി. വനപാലകർക്കൊപ്പം എം.എസ്. അരുൺ കുമാർ എം.എൽ.എയുമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ച നൂറനാട്ടു കണ്ട കാട്ടുപോത്തിനെ ബുധനാഴ്ച രാവിലെയാണ് ചുനക്കര നടുവിൽ ഭാഗത്ത് വീണ്ടും കണ്ടതായി നാട്ടുകാർ അറിയിച്ചത്.
ചാരുംമൂട് മേഖലയിൽ ക്യാമ്പ് ചെയ്യുന്ന വനപാലക സംഘവും എം.എസ്. അരുൺകുമാർ എം.എൽ.എയും ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന അടക്കമുള്ള ജനപതിനിധികളും സ്ഥലത്തെത്തിച്ചേർന്നു. രണ്ടു മണിയോടെ കാട്ടുപോത്തിനെ സമീപത്തെ പുരയിടത്തിൽ കണ്ടെങ്കിലും ആളുകളെകണ്ട് എതിർവശത്തുകൂടി ചുനക്കര കളിക്കണ്ടം വഴി ഓടി. എതിർ വശത്തേക്ക് കാട്ടുപോത്ത് വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ ചിലർ വീഴുകയും ചെയ്തു.
വയൽ വഴി ചുനക്കര തെക്ക് ഭാഗങ്ങളിൽ കൂടി ചൂരല്ലൂർ പാഠശേഖരം വരെ കാട്ടുപോത്ത് എത്തിയിരുന്നു. വനപാലകരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിവരികയാണ്. ചൂരല്ലൂരിൽനിന്ന് സന്ധ്യയോടെ വീണ്ടും ചുനക്കര കിഴക്കൻ ഭാഗത്തേക്ക് ഓടിയതായാണ് വിവരം. റാന്നി ഡി.എഫ്.ഒ ബി.ആർ. ജയന്റെ നേതൃത്വത്തിലുള്ള 50 അംഗ വനപാലക സംഘം മൂന്നു ഗ്രൂപുകളായാണ് തെരച്ചിൽ നടത്തുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി കാട്ടിലെത്തിക്കാനാണ് തീരുമാനമെന്ന് ഡി.എഫ്.ഒ പറഞ്ഞു. ഇതിനുള്ള അനുമതിയും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാട്ടാനകളെ പോലെ കൂട്ടം തെറ്റി നാട്ടിലെത്താറുള്ള ഇവ അതേപടി തിരികെ കാട്ടിലേക്ക് പോകാനും സാധ്യതയുള്ളതായും ഡി.എഫ്.ഒ പറഞ്ഞു. മൂന്നു സ്ഥലങ്ങളിലായി വനപാലകരുടെ പിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.


