കീടബാധ: കുട്ടനാട്ടിലെ നെൽകർഷകർ വലയുന്നു
text_fieldsചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിൽ തണ്ടുതുരപ്പൻ പുഴുക്കൾ നശിപ്പിച്ച നെൽചെടികളുമായി കർഷകർ
ആലപ്പുഴ: കുട്ടനാട്ടിലെ നെൽകർഷകർ കീടബാധമൂലം വലയുന്നു. തണ്ട്തുരപ്പൻ പുഴു, മുഞ്ഞ എന്നിവയാണ് കർഷകരെ വലക്കുന്നത്. ചെന്നിത്തലയിൽ ഇരുന്നൂറ്റി അമ്പതോളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മൂന്നാം ബ്ലോക്കിലാണ് തണ്ടുതുരപ്പന്റെ ആക്രമണം. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ മുഞ്ഞബാധ വ്യാപകമാണ്. കഴിഞ്ഞ വർഷം വൻതോതിൽ കൃഷിനാശമുണ്ടായ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കൃഷി ഇറക്കിയത്. എന്നാൽ കൃഷി ഒരുക്കം മുതൽ ഓരോ പ്രതിസന്ധികളാണ്. നെൽകൃഷിക്കായി നെൽവിത്തുകൾ പാകിയപ്പോൾ ഇരുന്നൂറ്റി എൺപതോളം കിലോ നെൽ വിത്തുകൾ മഴ വെള്ളത്തിൽ നശിച്ചിരുന്നു. കൃഷിയുടെ തുടക്കത്തിൽ തന്നെ ഉണ്ടായ പ്രതിസന്ധി കർഷകരെ ഏറെ നിരാശയിലാക്കി.
ചെന്നിത്തലയിൽ അമ്പത് ദിവസം മാത്രം പ്രായമായ നെൽ ചെടികളാണ് പുഴുക്കളുടെ ആക്രമണത്തിൽ നശിക്കുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ നെൽച്ചെടികളുടെ തണ്ടിനുള്ളിൽ കടന്ന് ഉൾഭാഗം തിന്ന് വളരുന്നതോടെ നടുനാമ്പുണക്കം മൂലം നെൽ ചെടികൾ കരിഞ്ഞുണങ്ങിയും തണ്ടു ചീഞ്ഞും നശിക്കുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തന്റെ ആറ് ഏക്കറോളം വരുന്ന പാടത്ത് തണ്ടുതുരപ്പൻ ആക്രമണത്തിൽ നെൽ ചെടികൾ നശിച്ചതായി മൂന്നാം ബ്ലോക്കിലെ കർഷകനായ ചെന്നിത്തല പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ കെ.എൻ. തങ്കപ്പൻ പറഞ്ഞു.
കീടനാശിനി പ്രയോഗം ശ്രദ്ധയോടെ വേണമെന്ന്
തണ്ട്തുരപ്പൻ പുഴു നിയന്ത്രണത്തിന് സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ എന്ന് കൃഷിവുപ്പ് ഉദ്യോഗസ്ഥർ. മങ്കൊമ്പ് നെല്ല് ഗവേഷണത്തിൽ നിന്നുമെത്തിയ പ്രതിനിധികൾ നെൽ ചെടികൾ പരിശോധിച്ച് തണ്ടുതുരപ്പൻ ആക്രമണമാണെന്നും ഞാറ്റടി മുതൽ കതിർ പാകമാകുന്നതുവരെ ഏതു സമയത്തും ഇവയുടെ ആക്രമണം ഉണ്ടാകാമെന്നും അറിയിച്ചു. രണ്ടാം വളം കൊടുക്കാത്ത കർഷകർ വളത്തിന്റെ കൂടെ തരിരൂപത്തിലുള്ള കീടനാശിനി കൂടി മിക്സ് ചെയ്തു നിലങ്ങളിൽ ഇടുന്നത് കൂടുതൽ ഫലപ്രദമാണെന്ന് നിർദേശിച്ച കൃഷി ഉദ്യോഗസ്ഥർ സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ എന്ന് കർശന നിർദേശം നൽകി.
മിത്രകുമിളിനെ നശിപ്പിക്കരുത് -കീട നിരീക്ഷണ കേന്ദ്രം
പുഞ്ചകൃഷി വിതച്ച് 70 ദിവസത്തിനുമുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടിരുന്നു എങ്കിലും കുമിള്‍രോഗ ബാധ മുലം മുഞ്ഞകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
രോഗബാധയേറ്റ മുഞ്ഞകള്‍ ചെടിയുടെ മുകളിലേക്ക് കയറി ഇലത്തുമ്പില്‍ ഒട്ടിപ്പിടിച്ച് ചത്തിരിക്കുന്നതാണ് ബാഹ്യലക്ഷണം. ഇപ്രകാരം ചത്തിരിക്കുന്ന മുഞ്ഞകളുടെ ശരീരത്തില്‍ നിന്നും വെള്ളനിറത്തിലുള്ള കുമിള്‍നാരുകള്‍ പുറത്തേക്ക് വളര്ന്നുനില്ക്കുന്നത് കാണാം. ഈ കുമിള്‍നാരുകളില്‍ നിന്നും അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കപ്പെടുന്ന കുമിള്‍ വിത്തുകള്‍ കൂടുതല്‍ മുഞ്ഞകളില്‍ പതിച്ച് രോഗബാധ ഉണ്ടാക്കുകയും അതുവഴി രാസകീടനാശിനി പ്രയോഗം കൂടാതെ തന്നെ മുഞ്ഞബാധ നിയന്ത്രണവിധേയമാകുകയും ചെയ്യുന്ന സാഹചര്യം നിലനില്കുന്നു.
ഓലത്തുമ്പില്‍ മുഞ്ഞകള്‍ കൂട്ടത്തോടെ ഒട്ടിപ്പിച്ച് ചത്തിരിക്കുന്നതായി കാണുകയാണെങ്കില്‍ അത്തരം പാടങ്ങളില്‍ കീടത്തില്‍ രോഗബാധ ഉണ്ടാക്കിയ മിത്രകുമിളിനെ നശിപ്പിക്കുന്ന രീതിയില്‍ രാസകുമിള്‍/കീടനാശിനി പ്രയോഗം പ്രസ്തുത സമയത്ത് നടത്താതിരിക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. മിത്രകുമിളിന്റെ സാന്നിദ്ധ്യമുള്ള പാടങ്ങളില്‍ നിലം ഉണങ്ങാതെ ചെറിയ അളവില്‍ വെള്ളം നിലനിര്‍ത്തുന്നത് വയലിലെ സൂക്ഷ്മ കാലാവസ്ഥ മിത്രകുമിളുകളുടെ വ്യാപനത്തിന് അനുകൂലമാകാന്‍ സഹായിക്കുമെന്നും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.


