സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മയക്കുമരുന്ന് സംഘം ആക്രമിച്ചതായി പരാതി
text_fieldsrepresentational image
പൂച്ചാക്കൽ: സി.പി.ഐ പെരുമ്പളം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഞ്ജിത്ത് ലാലിനെ മയക്കുമരുന്ന് സംഘം ആക്രമിച്ചതായി പരാതി. വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. രഞ്ജിത്ത് ലാൽ പെരുമ്പളം ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. അക്രമത്തിനു ശേഷം രഞ്ജിത്തിന് പുറത്തിറങ്ങാൻ കഴിയാത്ത വിധം വീടിനു മുന്നിൽ ആയുധങ്ങളുമായി നിന്ന് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. പൂച്ചാക്കൽ പൊലീസിനെ അറിയിച്ചെങ്കിലും ഉടൻ ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. കഞ്ചാവ് മയക്കുമരുന്നു സംഘത്തിന്റെ ഭീഷണി പെരുമ്പളം പഞ്ചായത്തിലെ സാധാരണ മനുഷ്യരുടെ സ്വൈര ജീവിതം കെടുത്തുന്നതായി പരാതി ഉയരാൻ തുടങ്ങിയിട്ട് ഏറെ നാളായി.
ഇതോടൊപ്പം വ്യാപകമായ വ്യാജമദ്യ നിർമാണവും വിൽപനയും പെരുമ്പളത്ത് നടക്കുന്നുണ്ട്. പെരുമ്പളം ദീപ് പ്രദേശമായതിനാൽ പൊലീസിന് എത്തിപ്പെടാൻ വൈകുമെന്നതിനാൽ സാമൂഹിക വിരുദ്ധർക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഏറെയുണ്ട്. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വീടുകയറി അക്രമിച്ച ക്രിമിനലുകളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പൊലീസ് ഔട്ട് പോസ്റ്റ് പ്രവർത്തനം ആരംഭിക്കണമെന്നും സി.പി.ഐ പെരുമ്പളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.