പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജങ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമാണം തടഞ്ഞു
text_fieldsപൂച്ചാക്കൽ ഇലക്ട്രിസിറ്റി ജങ്ഷനിൽ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാനുള്ള ശ്രമത്തിനെതിരെ ഗാന്ധി ദർശൻ സമിതി നടത്തിയ സമരം സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പൂച്ചാക്കൽ: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു പുനർനിർമിക്കുന്നത് ഗാന്ധി ദർശൻ സമിതി പ്രവർത്തകർ തടഞ്ഞു. 2022ൽ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങിയിരുന്നെങ്കിലും പണി നടന്നില്ല.
വാഹനങ്ങൾ ഇടിച്ചും മറ്റും കാത്തിരിപ്പ് കേന്ദ്രം പിന്നീട് കൂടുതൽ തകർന്ന നിലയിലാവുകയായിരുന്നു. ഇത് പൊളിച്ചു നീക്കണമെന്നും സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികൾ പഞ്ചായത്തിൽ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. നിലവിലുള്ളത് പൊളിച്ച് അശാസ്ത്രീയമായ രീതിയിൽ നിർമിക്കാനുള്ള ശ്രമമാണ് ഗാന്ധി ദർശൻ സമിതി തടഞ്ഞത്.
ചേർത്തല-അരൂക്കുറ്റി റോഡിൽനിന്ന് ആവശ്യത്തിന് അകലം പാലിക്കാതെയാണ് ഇപ്പോൾ പുനർനിർമിക്കുന്നത്. ദേശീയപാതയുടെ സമാന്തര റോഡായാണ് ചേർത്തല-അരൂക്കുറ്റി റോഡ്. പൂച്ചാക്കൽ ജങ്ഷൻ ഇപ്പോൾ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ഇതിനിടയിലാണ് റോഡ് വികസനത്തിനും ജങ്ഷന്റെ വികസനത്തിനും തടസ്സമാകുന്ന രീതിയിൽ നിർമിക്കുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പുനർനിർമിക്കണമെന്ന് ഗാന്ധി ദർശൻ സമിതി അരൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അഷ്റഫ് കാരക്കാട്, എൻ.ആർ. ഷിബു, മോഹനൻ പിള്ള, അരവിന്ദൻ മാക്കേക്കടവ്, നസിർ ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു.