നവകേരള സദസ്സിൽ പരാതിപ്പെട്ടിട്ടും തിരുനിലം റോഡിന് ‘മറുപടി’യില്ല
text_fieldsകോൺക്രീറ്റ് പൈപ്പിട്ട് മൂടേണ്ട
തിരുനിലം തോട്
പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിൽ ഏഴ്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന തിരുനിലം റോഡ് നിർമാണം സംബന്ധിച്ച് നവകേരള സദസ്സിൽ കൊടുത്ത പരാതിക്ക് മറുപടി ലഭിച്ചില്ലെന്ന് പരാതി.
2011 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷേർളി നിർമാണ ഉദ്ഘാടനം നടത്തിയ റോഡാണിത്. പന്ത്രണ്ടര വർഷം കഴിഞ്ഞിട്ടും റോഡ് നിർമാണത്തിനായി ഒരു നടപടിയും എടുക്കാത്തത് കൊണ്ടാണ് അരൂർ മണ്ഡലത്തിൽ അരയങ്കാവ് നടന്ന സദസിൽ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.
പരാതികൾക്ക് 45 ദിവസങ്ങൾക്കകം പരിഹാരമുണ്ടാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെങ്കിലും 80 ദിവസമായിട്ടും ഈ വിഷയത്തിൽ ഒരു മറുപടി പോലും ലഭിച്ചിട്ടില്ലന്ന് ബന്ധപ്പെട്ടവർ പറയുന്നു. നിവേദനത്തിന്റെ പകർപ്പ് ഇറിഗേഷൻ, കൃഷി വകുപ്പ് മന്ത്രിമാർക്കും, എ.എം. ആരിഫ് എം.പിക്കും ദലീമാ ജോജോ എം.എൽ.എക്കും നൽകിയിരുന്നു. എന്നാൽ, ഇതേവരെ ആരുടെയും മറുപടി ലഭിച്ചിട്ടില്ലത്രെ.
അഞ്ചാം വാർഡിലെ മുണ്ടക്കൽ പ്രദേശത്തെ 150 ഏക്കറോളം വരുന്ന ഭൂമിയിലേക്ക് യന്ത്ര സാമഗ്രികളെത്തിക്കാൻ കഴിയാതെ തരിശായി കിടക്കുന്നുണ്ട്. തിരുനിലം ഭാഗത്തെ തോട് വലിയ കോൺക്രീറ്റ് പൈപ്പിട്ട് മൂടിയതിന് ശേഷമേ നിർമാണം നടത്താൻ കഴിയുകയുള്ളു. ആറാം വാർഡിലെ ജനങ്ങൾക്ക് പഞ്ചായത്ത് ഓഫിസ്, ഹോമിയോ ആശുപത്രി, കൃഷി ഭവൻ എന്നിവിടങ്ങളിൽ എളുപ്പമെത്തണമെങ്കിൽ ഈ റോഡ് പൂർത്തിയാകണം.