ഒഴുക്കിൽപ്പെട്ട വള്ളത്തിലെ യാത്രക്കാർക്ക് രക്ഷകരായി ജലഗതാഗത വകുപ്പ് ജീവനക്കാർ
text_fieldsപൂച്ചാക്കൽ: ശിക്കാര വള്ളത്തിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ ജലഗതാഗത വകുപ്പ് പാണാവള്ളി സ്റ്റേഷനിലെ എസ്-20 നമ്പർ ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തി.
കഴിഞ്ഞ രാത്രി ഏഴിന് സൗത്ത് പറവൂർ ജെട്ടിയിൽനിന്ന് പെരിഞ്ചിറ കരിയിലേക്കു സർവിസ് നടത്തുമ്പോഴാണ് എൻജിന്റെ പ്രവർത്തനം നിലച്ച് വള്ളം ഒഴുകുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വഞ്ചിയിൽനിന്ന് നിരന്തരം ടോർച്ച് പ്രകാശിച്ചപ്പോൾ എന്തോ പന്തികേട് മനസ്സിലാക്കി വഞ്ചിയുടെ സമീപത്തേക്ക് ഇവർ അടുക്കുകയായിരുന്നു. രണ്ട് എൻജിൻ ഘടിപ്പിച്ച വളളത്തിലെ ഒരെണ്ണം വെളളത്തിൽ വീഴുകയും മറ്റേത് കരട് കയറി പ്രവർത്തനം നിലച്ചതുമാണ് വഞ്ചി ഒഴുകി നടക്കാൻ കാരണമായത്.
കായലിൽ വീണ എൻജിൻ തപ്പിയെടുത്തെങ്കിലും പിന്നീട് പ്രവർത്തിച്ചില്ല. മുറിഞ്ഞപുഴയിൽ വളളം കളി കണ്ടതിന് ശേഷം മടങ്ങുകയായിരുന്ന പനങ്ങാട് സ്വദേശികളായ ഇവരെ ബോട്ട് ജീവനക്കാർ ഇറപ്പുഴയിൽ എത്തിച്ചു. ബോട്ട് മാസ്റ്റർ അഖിൽ, സ്രാങ്ക് ത്വൽഹത്ത്, ഡ്രൈവർ സൗമ്യൻ, ലാസ്കർമാരായ രെജീഷ്, ജയൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൂത്തോട്ട പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ ഇരുമ്പനം സ്വദേശിയെയും പാണാവള്ളി സ്റ്റേഷനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. എസ്-39 നമ്പർ ബോട്ട് പൂത്തോട്ട ജെട്ടിയിൽനിന്ന് പാണാവള്ളിയിലേക്ക് സർവിസ് നടത്തുമ്പോഴായിരുന്നു സംഭവം. കായലിലേക്ക് ചാടിയയാളെ പൂത്തോട്ടയിലെത്തിച്ച് ഉദയംപേരൂർ പൊലീസിൽ വിവരം അറിയിക്കുകയാരുന്നു. സൗത്ത് പറവൂരിലുള്ള സഹോദരിയുടെ മകൻ എത്തി ആളെ കൂട്ടിക്കൊണ്ട് പോയി.
ജല ഗതാഗത വകുപ്പ് പാണാവള്ളി സ്റ്റേഷനിലെ ജീവനക്കാരായ ബോട്ട് മാസ്റ്റർ സുധി ധനഞ്ജയൻ, സ്രാങ്ക് സബിൻ ചന്ദ്രൻ, ഡ്രൈവർ ബാബു പ്രസാദ്, ലാസ്കർമാരായ അജികുമാർ, കാർത്തികേയൻ എന്നിവരാണ് കായലിൽ ചാടിയയാളെ അന്ന് രക്ഷപ്പെടുത്തിയത്.