പദ്ധതി പാളി; കേന്ദ്ര ഫണ്ടുകൊണ്ട് പണിത കെട്ടിടങ്ങൾ നോക്കുകുത്തി
text_fieldsഎഴുപുന്ന മാർക്കറ്റ് പരിസരത്തെ ഉപയോഗശൂന്യമായ
സർക്കാർ കെട്ടിട സമുച്ചയം
എഴുപുന്ന: മാർക്കറ്റ് പരിസരത്ത് സർക്കാർ നിർമിച്ച കെട്ടിട സമുച്ചയം ഉപയോഗശൂന്യം. സ്വർണജയന്തി ഗ്രാം യോസ് ഗാർയോജന എന്ന കേന്ദ്ര ആവിഷ്കൃത പദ്ധതി പ്രകാരം സ്ഥാപിതമായ കെട്ടിടമാണ് ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്. കെ.ആർ. ഗൗരിയമ്മ 2001ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിലാണ് ലക്ഷങ്ങൾ ചെലവാക്കി പണിതത്. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ചതാണ് കെട്ടിടം. ഗ്രാമീണ ദരിദ്രകുടുംബങ്ങളെ ദാരിദ്ര്യരേഖക്ക് മുകളിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രധാന കേന്ദ്രീകൃത സ്വയംതൊഴിൽ പദ്ധതിക്കുവേണ്ടി നിർമിച്ച കെട്ടിടം ആസൂത്രണം പാളിയതോടെ നാശത്തിലായി. ഇപ്പോഴത്തെ പഞ്ചായത്ത് ഭരണാധികാരികൾക്ക് ഇത് എന്തിനുവേണ്ടി പണിതതാണെന്ന് പോലും അറിയാൻ സാധ്യതയില്ല. 2011ൽ ഈ പദ്ധതി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്ന പേരിൽ പുനർനാമകരണം ചെയ്തിരുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കുന്നതിനും വിൽപന നടത്തുന്നതിനും ഗുണഭോക്താക്കൾ യോഗം ചേരുന്നതിനും മറ്റുമാണ് കെട്ടിടം ഉപയോഗിക്കേണ്ടത്. ലക്ഷങ്ങൾ മുടക്കിയ കെട്ടിടം ആദ്യ നാളുകളിൽ ഉപയോഗിച്ചില്ലെങ്കിലും പിന്നീട് ഉപയോഗശൂന്യമായി. കെട്ടിടം വാടകക്ക് കൊടുക്കാൻ നിയമം അനുവാദിക്കാത്തതാണ് പ്രധാന കാരണം. 20ഓളം മുറികൾ താഴത്തെനിലയിലും മുകളിൽ രണ്ട് ഹാളുകളും കെട്ടിടത്തിലുണ്ട്. നിർമിച്ചിട്ട് 25 വർഷം കഴിഞ്ഞ കെട്ടിടം വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്നതുമൂലം പല മുറികളും നശിച്ചുതുടങ്ങി. ഇരുമ്പ് മേൽക്കൂരയുള്ളത് മൂലം ചന്തയിൽ മത്സ്യലേലം എല്ലാ ദിവസവും രാവിലെ നടക്കുന്നുണ്ടെന്നതാണ് ആശ്വാസം.


