ഓരുവെള്ള ഭീഷണിയില്‍ പുഞ്ചകൃഷി; പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
text_fieldsഷട്ടറുകള്‍ അടച്ചിട്ട തണ്ണീര്‍മുക്കം ബണ്ട്
അമ്പലപ്പുഴ: പുഞ്ചകൃഷി ഓരുവെള്ളത്തിന്റെ ഭീഷണിയിലായതോടെ കർഷകർ ആശങ്കയിൽ. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക്. പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെ സമരം നടത്താൻ വ്യാഴാഴ്ച ചേർന്ന യോഗം തീരുമാനിച്ചു.
ആലപ്പുഴ, പുന്നപ്ര വടക്ക്-തെക്ക്, അമ്പലപ്പുഴ വടക്ക്-തെക്ക്, കൈനകരി, ചമ്പക്കുളം,നെടുമുടി പാടശേഖര ഏകോപനസമിതി പൊങ്ങയില്‍ ചേര്‍ന്ന സംയുക്തയോഗത്തിലാണ് തീരുമാനം. മുഴുവന്‍ പാടശേഖരങ്ങളിലെയും കര്‍ഷകരെ സംഘടിപ്പിച്ച് തിങ്കളാഴ്ച രാവിലെ 10ന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് കലക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. തുടര്‍ന്ന് കലക്ടറേറ്റിന് മുന്നിൽ ധര്‍ണ നടത്തും.
വിവിധ ഷട്ടറുകള്‍ അടച്ചിട്ട് ഡാമുകള്‍ തുറന്ന് ഉപ്പിന്റെ കാഠിന്യം കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി, കലക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് ഏകോപനസമിതി നിവേദനം നല്‍കിയിരുന്നു. നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ. കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലെ 10,000ൽപരം ഏക്കറിലെ നെല്‍കൃഷിയാണ് ഓരു വെള്ളത്തിന്റെ ഭീഷണിയിലായത്. വിത കഴിഞ്ഞ് 20 മുതല്‍ 60 ദിവസം വരെ പ്രായമായ നെല്‍ചെടികളാണ് ഓരുവെള്ളത്തിന്റെ ഭീഷണി നേരിടുന്നത്. ഇളവിത്ത് വിതച്ച പാടശേഖരങ്ങളാണ് അധികവും.
ഇത് വിതച്ച് 90 ദിവസം കഴിയുമ്പോള്‍ കൊയ്തെടുക്കാം. നിലവില്‍ വെള്ളത്തിന് ആറുശതമാനത്തിലധികം ഉപ്പുരസമുണ്ട്. ഈ നില തുടര്‍ന്നാല്‍ അടുത്തദിവസം തന്നെ നെല്‍ച്ചെടികൾ പഴുക്കാന്‍ തുടങ്ങും. പിന്നീട് പൂര്‍ണമായും ചീഞ്ഞ് ചളിയില്‍ അടിയും. ഇതിന് അടിയന്തിരപരിഹാരം ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം.
ഷട്ടറുകൾ അടച്ചു; പലയിടത്തും ഓരുമുട്ടുകൾ സ്ഥാപിച്ചില്ല
മുമ്പ് വേലിയേറ്റത്തില്‍ ഓരുവെള്ളം കയറാതിരിക്കാന്‍ തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ ഷട്ടറുകള്‍ ഡിസംബറോടെ അടച്ചിടും. കൂടാതെ വിവിധ ഇടങ്ങളില്‍ ഓരുമുട്ടുകളും ഇടും. തണ്ണീര്‍മുക്കത്ത് 90 ഉം, തോട്ടപ്പള്ളിയില്‍ 40 ഉം ഷട്ടറുകളുംതൃക്കുന്നപ്പുഴയില് രണ്ട് ഗേറ്റുകളുമാണുള്ളത്. ഇതെല്ലാം അടച്ചെങ്കിലും പലതും കേടുപാടുകള്‍ സംഭവിച്ചവയാണ്. കൂടാതെ പലയിടങ്ങളിലും ഓരുമുട്ടുകള്‍ ഇട്ടിട്ടില്ല. കുട്ടനാട് പാക്കേജിന്റെ ഭാഗമായി മേജര്‍-മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ് ഓരുമുട്ടുകളുടെ ചുമതല. തോട്ടപ്പള്ളിയുടെ പരിധിയില്‍ ആറ് ഓരുമുട്ടുകളാണുള്ളത്. ഇവയില്‍ കരുവാറ്റ, പുറക്കാട് ഓരുമുട്ടകള്‍ ഇട്ടിട്ടുണ്ട്. ഇതില്‍ 20 മീറ്ററോളം നീളമുള്ള മാന്തറ ഓരുമുട്ട് സ്ഥാപിച്ചിട്ടില്ല. ഇതിന്റെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ഇറിഗേഷന്‍ വകുപ്പ് എ.ഇ സെന്തില്‍ പറഞ്ഞു.
തണ്ണീര്‍മുക്കം സബ് ഡിവിഷന് പരിധിയില്‍ മാത്രം 608ലധികം ഓരുമുട്ടുകളാണ് ഇടേണ്ടത്. ഇതില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചുവെന്ന് ഇറിഗേഷന്‍ എക്സി.എൻജിനിയര്‍ സാബു പറഞ്ഞു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ 47 എണ്ണമാണ് പൊളിച്ച് നീക്കിയത്. ഇവ പൂര്‍ത്തിയാക്കി?. തണ്ണീര്‍മുക്കം വഴി കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറുന്നില്ല. എല്ലാദിവസവും ഷട്ടറുകളുടെ ഇരുവശങ്ങളിലെയും വെള്ളം പരിശോധിക്കാറുണ്ട്. ഷട്ടറിന്റെ വടക്ക് ഭാഗത്ത് പത്തും കുട്ടനാടുമായി ചേര്‍ന്ന തെക്ക് ഭാഗത്ത് രണ്ട് ശതമാനവുമാണ് ഉപ്പിന്റെ അളവ്. എന്നാല്‍ ചേര്‍ത്തല നഗരസഭയുടെ വടക്ക് വാര്‍ഡുകള്‍ മുതല്‍ വടക്കോട്ടുള്ള വിവിധ പഞ്ചായത്ത് പരിധിയിലെ കായലോര മേഖല വേലിയേറ്റത്തില്‍ വെള്ളക്കെട്ടിലാണ്. ഇവിടെ അധികവും കൊണ്ടല്‍ കൃഷികളാണ്. കൃഷി ഓരുവെള്ളത്തിന്റെ ഭീഷണിയിലാണ്. ഷട്ടറുകള്‍ അടച്ചതോടെ വീടുകളിലും വെള്ളം കയറുന്നുണ്ട്.
2018ലെ മഹാപ്രളയത്തില്‍ മണലും എക്കലും അടിഞ്ഞുകൂടി കായലുകളുടെയും മറ്റ് ജലാശയങ്ങളുടെയും ആഴം കുറഞ്ഞതാണ് പ്രധാന കാരണം. ചെറിയ വേലിയേറ്റത്തില്‍ കയറുന്ന വെള്ളം ഉൾക്കൊള്ളാനുള്ള ആഴം കായലുകളിലും കുട്ടനാടന്‍ ജലാശയങ്ങളിലും ഇല്ലാതായി. കായലുകളിലെയും അനുബന്ധ ജലാശയങ്ങളിലും അടിഞ്ഞുകൂടിയ ചളിയും മറ്റ് എക്കലുകളും നീക്കി ആഴം കൂട്ടുകമാത്രമാണ് പരിഹാരം. നീക്കുന്ന ചെളിയും എക്കലുകളും ബണ്ടിന്റെ ഉയരം കൂട്ടി കാര്‍ഷിക മേഖലയെ സംരക്ഷിക്കാനാകും. എന്നാല്‍ ഇതിന് കേന്ദ്ര പദ്ധതികള്‍ തന്നെ വേണ്ടിവരും.