പഴവർഗ സമൃദ്ധിയിൽ റാഫിയുടെ വീട്
text_fieldsറാഫി കൃഷിത്തോട്ടത്തിൽ
വടുതല: വീടിന് ചുറ്റും പഴവർഗങ്ങളുടെ പറുദീസ തീർത്ത് അരൂക്കുറ്റി പഞ്ചായത്ത് നദുവത്ത് നഗർ കെ.എസ്.എ വില്ലയിൽ റാഫി. വീടും പരിസരവും വിവിധങ്ങളായ നൂറോളം രുചിയൂറും പഴവർഗങ്ങളാൽ സമ്പന്നമാണ്. 50 ഇനം മാവുകൾ, 26 ഇനം പേര, 15 ഇനം നാരകം, 15 ഇനം ചാമ്പ, ആറിനം പ്ലാവ്, ഒമ്പതിനം ലോങ്ങൻ, അഞ്ചിനം ചെറി, കൂടാതെ സപ്പോട്ട, ദുരിയാൻ, ജബോട്ടിക്ക, പ്ലം തുടങ്ങി വിദേശിയും സ്വദേശിയുമായ വൈവിധ്യങ്ങളായ പഴവർഗങ്ങളാണ്, ഡ്രമ്മിലും പ്രത്യേകം തയാറാക്കിയ ചട്ടികളിലുമൊക്കെയായി ഇവിടെ വളരുന്നത്.
ഡ്രാഗൺ ഫ്രൂട്ട്, പൈനാപ്പിൾ, പപ്പായ, വാഴ തുടങ്ങിയവയും ധാരാളമുണ്ട്. 15ാമത്തെ വയസ്സിൽ അമ്മാവന്റെ വീട്ടിലെ തോട്ടത്തിൽനിന്ന് പഴങ്ങളോട് ഇഷ്ടം ഉണ്ടായെങ്കിലും പച്ചക്കറി കൃഷിയാണ് റാഫി ആദ്യം തുടങ്ങിയത്. ഇപ്പോഴും കാച്ചിൽ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയുടെ കൃഷിയുണ്ട്. താമര ചേമ്പ്, പിണ്ടാളൻ ചേമ്പ്, ചീര ചേമ്പ്, ചെറു ചേമ്പ്, കൂടാതെ നാലുതരം മധുരക്കിഴങ്ങ്, വ്യത്യസ്തങ്ങളായ മരച്ചീനി എന്നിവ എടുത്തുപറയേണ്ടതാണ്.
പശു, ആട്, കോഴി, താറാവ് തുടങ്ങി സമഗ്ര സംയോജിത സുസ്ഥിര കൃഷിയിലൂടെയാണ് റാഫി ഗാർഹിക പരിസരം പോഷകസമ്പുഷ്ടവും ആരോഗ്യദായകവും ആക്കുന്നത്. കൃഷി തനിക്ക് ആനന്ദം മാത്രമല്ല നല്ല ആദായവും തരുന്നുണ്ടെന്ന് റാഫി പറഞ്ഞു.
ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് എന്നിവയൊക്കെ സ്വന്തമായി ചെയ്യുന്ന തന്റെ വീട് ഒരു പരീക്ഷണശാല കൂടിയാണ്. ഒരു മാവിൽ തന്നെ പത്ത് ഇനങ്ങൾ ബഡ് ചെയ്യുന്നുണ്ട്. പപ്പായയിലും ഗ്രാഫ്റ്റ് ചെയ്ത് വിജയിച്ചു. തൈകൾ പലതും ഗ്രാഫ്റ്റ് ചെയ്തും, ലെയർ ചെയ്തും ആവശ്യക്കാർക്ക് കൊടുക്കുന്നുണ്ട്. പരിചരിച്ച് നൽകുന്നതിലും ഒത്തിരി പേർ റാഫിയെ തേടിവരുന്നു.
ആരോഗ്യ സംരക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും വഹിക്കുന്ന പങ്ക് വളരെ തിരിച്ചറിഞ്ഞ് പച്ചക്കറിയും പഴങ്ങളും വാങ്ങാൻ നിരവധി പേർ തന്നെ സമീപിക്കുന്നുണ്ടെന്ന് റാഫി പറഞ്ഞു. ഭാര്യ റസിയ, മക്കളായ മുഹമ്മദ് ആദിൽ റാഫിസ്, റമീസ എന്നിവർ കൃഷിയിൽ സഹായിക്കാറുണ്ട്.