ആകാശവാണി; വാർത്തകൾ കേൾക്കുന്നത് സനകൻ
text_fieldsറേഡിയോ ശേഖരത്തിൽ സനകൻ
മണ്ണഞ്ചേരി: പാട്ടുകളോടുള്ള മകന്റെ ഇഷ്ടം കണ്ട് സംഗീത പ്രേമിയായ അച്ഛൻ ഒരു റേഡിയോ വാങ്ങിനൽകി. ഇപ്പോൾ നൂറിൽപരം റേഡിയോകളുടെയും ടേപ് റെക്കോഡറുകളുടെയും അപൂർവ ശേഖരമാണ് സനകദേവിനുള്ളത്. കാവുങ്കൽ പന്തലിപ്പറമ്പ് സൗപർണികയിൽ പി.ജി. സനകദേവാണ് (54) ഔദ്യോഗിക ജോലിത്തിരക്കിനിടയിലും റേഡിയോകളോട് പ്രണയം പുലർത്തുന്നത്. ആലപ്പുഴ പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ ആണ് സനകൻ. വിവിധ രാജ്യങ്ങളുടെ ഉൾപ്പെടെ നൂറോളം റേഡിയോകളുടെ ശേഖരമുണ്ട്.
അമ്മാവന്മാരായ ഉദയചന്ദ്രനും അമൃതാനന്ദനും ഗൾഫുകാരിൽനിന്ന് ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി മറിച്ചുവിൽക്കുമായിരുന്നു. ഇവ വീട്ടിൽ കുറെനാൾ പ്രവർത്തിപ്പിക്കും. കൗതുകത്തോടെ അവയെ നോക്കിനിന്ന സനകന്റെ മനസ്സിലേക്ക് പാട്ടും സംഗീതവും റേഡിയോയും അന്ന് ചേക്കേറിയതാണ്. വൈൻഡ് അപ് റേഡിയോ, വാൽവ് റേഡിയോ എന്നിങ്ങനെ വ്യത്യസ്തങ്ങളായ റേഡിയോകളുണ്ട് ശേഖരത്തിൽ.
എണ്ണൂറിലധികം ഓഡിയോ കാസറ്റുകൾ, വിഡിയോ കാസറ്റുകൾ, ചലച്ചിത്രങ്ങളുടെ ഓഡിയോ റീലുകൾ, ആംപ്ലിഫയർ, സൗണ്ട് മിക്സർ, സൗണ്ട് മോണിറ്റർ, സോണിയുടെ സ്പൂൾ ടേപ് തുടങ്ങിയവയും ശേഖരത്തിലുണ്ട്.12 വർഷം മുമ്പ് ഫോർട്ട്കൊച്ചി തീരദേശ സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയതോടെയാണ് റേഡിയോ ശേഖരണം ഗൗരവത്തിലായത്. നാഷനൽ പാന-സോണിക്, യമഹയുടെ പ്രഫഷനൽ ആംപ്ലിഫയർ, അകായ് 530, ഹിറ്റാച്ചി, ഫിലിപ്സ് തുടങ്ങിയ കമ്പനികളുടെ പല മോഡലുകൾ ശേഖരത്തിലുണ്ട്.
മർഫി, ഐവ, ഷാർപ്പ്, സാൻസുയി, പയനിയർ, എൻ.എ.ഡി, ടെക്നിക്സ് എന്നിവയിൽ നിന്നുള്ള ടേപ് റെക്കോഡറുകൾ, റേഡിയോ, കാസറ്റ് ഡെക്കുകളും 16-ചാനൽ ജെ.ബി.എൽ, സ്റ്റുഡിയോ മാസ്റ്റർ മിക്സ്ർ എന്നിവയും ശേഖരത്തിലെ പ്രധാനികളാണ്. കേടുപാട് സംഭവിച്ച റേഡിയോ സുഹൃത്തും മെക്കാനിക്കുമായ വിജയൻ നന്നാക്കി സനകന്‍ കൊടുക്കും. മാതാവ് പ്രിയദർശിനിയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്സായ ഭാര്യ ശ്രീദേവിയും മക്കളായ ഭാനുപ്രിയ, ശ്രീപ്രിയ എന്നിവരും സനകന്‍ പിന്തുണ നൽകുന്നു.