വി.എസിനെ കാത്തുതളർന്നവർക്ക് ആശ്വാസമായി കഞ്ഞിയൊരുക്കി സന്ധ്യ
text_fieldsസൗജന്യമായി കഞ്ഞിവിതരണം ചെയ്യുന്ന സന്ധ്യ
ആലപ്പുഴ: സമരനായകൻ വി.എസിനെ അവസാനമായി ഒരുനോക്കാൻ പറവൂർ വേലിക്കത്ത് വീട്ടിലേക്കെത്തിയവർ തളർന്നു. ഭക്ഷണവും വെള്ളവും കിട്ടാത്തവർക്ക് ആശ്വാസമായി സൗജന്യ കഞ്ഞിയും കുടിവെള്ളവും. പറവൂർ ഗോകുലം വീട്ടിൽ സന്ധ്യയാണ് വിദൂരങ്ങളിൽനിന്ന് എത്തിയവർക്ക് ഉച്ചഭക്ഷമായി കഞ്ഞിയും പയറും അച്ചാറും വിളമ്പിയത്. വീടിനോട് ചേർന്ന് സ്ഥിരമായി വീട്ടിൽ ഊണുണ്ട്. വി.എസിനോടുള്ള ആദരസൂചകമായി ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളടക്കം പ്രവർത്തിച്ചില്ല.
ഇതിനാൽ ഭക്ഷണവും വെള്ളവും കിട്ടാതെ നിരവധിപേരാണ് വലഞ്ഞത്. അവർക്ക് അന്നമൂട്ടിയാണ് സന്ധ്യ വി.എസിനോടുള്ള ആദരവർപ്പിച്ചത്. വി.എസിനെ കണ്ടുമടങ്ങിയ നിരവധിപേർക്ക് ഇത് ആശ്വാസമായി. വിവിധജില്ലകളിൽനിന്ന് എത്തി വഴിയിൽ മണിക്കൂറുകൾ കാത്തുകിടന്നവർക്ക് പാർട്ടി പ്രവർത്തകർ കുടിവെള്ളവും എത്തിച്ചിരുന്നു. വി.എസിന്റെ വീടിന് സമീപമുള്ള ചിലവീടുകളിൽ വിശ്രമിക്കാനുള്ള സൗകര്യവും നൽകി. ചിലർ വീടിന്റെ സിറ്റൗട്ട് അടക്കം ഉപയോഗിച്ചപ്പോൾ മറ്റുചിലർ കിട്ടിയ പത്രക്കടലാസും മഴക്കോട്ടും നിലത്ത് വിരിച്ചും മരത്തണൽതേടി കുത്തിയിരുന്നാണ് മണിക്കൂറുകൾ ചെലവഴിച്ചത്. തലേന്ന് എത്തിയവർക്ക് വീടിന് മുന്നിൽ ഒരുക്കിയ പന്തലായിരുന്നു പ്രധാന ആശ്രയം.