Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശസ്ത്രക്രിയക്കിടെ...

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജി. സുധാകരൻ എം.എൽ.എക്ക് നിവേദനം

text_fields
bookmark_border
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജി. സുധാകരൻ എം.എൽ.എക്ക് നിവേദനം
cancel
camera_alt

ജി.സുധാകരൻ എം.എൽ.എക്ക് ഉഷ ജോസഫ് നിവേദനം നൽകുന്നു

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചികിത്സതേടിയ വയോധിക ജി. സുധാകരൻ എം.എൽ.എക്ക് നിവേദനം നൽകി. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) നാണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ അഞ്ച് വർഷം വേദനയോടെ ജീവിക്കേണ്ടിവന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ഉഷക്ക് ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. ഇടവിട്ടുള്ള മൂത്രാശയത്തിലെ അണുബാധ ഉഷയുടെ ആരോഗ്യത്തെ തളർത്തിയിരിക്കുകയാണ്. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ.എ ജി. സുധാകരനും നിവേദനം നൽകിയത്. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയതായി ഉഷ പറഞ്ഞു.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടർന്ന് പലതവണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ഉഷ കിടപ്പിലായതോടെയാണ് ബന്ധുവിനോപ്പം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്ടറുടെ ചികിത്സ തേടുന്നത്. അവിടെ നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്.

യൂറോളജി ഡോക്ടറുടെ നിർദേശ പ്രകാരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സ തേടിയ വയോധികയോട് അടുത്തദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് വീട്ടിലെത്തിയെങ്കിലും സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കൾ ഉഷയെ മാർച്ച് 20 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 ന് നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കുകയായിരുന്നു. നിവേദനം നൽകാനെത്തിയ ഉഷയോടൊപ്പം പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, ആലപ്പുഴ മെഡിക്കൽ കോളജ് വികസനസമിതി അംഗം യു.എം. കബീർ എന്നിവരും ഉണ്ടായിരുന്നു.

Show Full Article
TAGS:Alappuzha Local News Scissors stomach case petition G Sudhakaran 
News Summary - Scissors stuck in stomach during surgery; Petition to G. Sudhakaran MLA seeking compensation
Next Story