ഉയരുന്നത് കേരളത്തിലെ രണ്ടാമത്തെ സ്മാരകം
text_fieldsപെരിയാർ ഇ.വി. രാമസ്വാമി
അരൂർ: അരൂക്കുറ്റിയിൽ ഉയരുന്നത് തന്തൈ പെരിയാറിന്റെ പേരിൽ കേരളത്തിലെ രണ്ടാമത്തെ സ്മാരകം. വൈക്കത്താണ് ആദ്യ സ്മാരകം ഉള്ളത്. വൈക്കം പട്ടണമധ്യത്തിൽ 78 സെന്റ് സ്ഥലത്താണ് ലൈബ്രറിയും ചെറു മ്യൂസിയവുമെല്ലാം അടങ്ങുന്ന സ്മാരകം സ്ഥിതിചെയ്യുന്നത്. പലവിധ ചരിത്രങ്ങൾ ഉറങ്ങുന്ന അരൂക്കുറ്റിയിലെ മണ്ണിലാണ് സ്മാരകം പണിയുന്നത്. പെരിയാർ ജയിലിൽ കിടന്ന സ്ഥലത്ത് ജയിൽ രൂപത്തിലാണ് സ്മാരകം.
ചരിത്രം
തമിഴ്നാട്ടിലെ ശുചീന്ദ്രപുരത്ത് വൈക്കത്തിനു സമാനമായി അവർണർക്ക് വഴിനടക്കാൻ കഴിയാത്ത ഒട്ടേറെ ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതിനെതിരെ തന്തൈ പെരിയാർ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന കാലം. ഇതിനിടെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയിരുന്ന ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, ബാരിസ്റ്റർ ജോർജ് ജോസഫ് തുടങ്ങി 19 പ്രമുഖ നേതാക്കൾ ജയിലിലായി.
സത്യഗ്രഹം ആരു നയിക്കുമെന്ന ചോദ്യത്തിന് കോൺഗ്രസ് കണ്ടെത്തിയ ഉത്തരമായിരുന്നു പെരിയാർ. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനായിരുന്ന പെരിയാർ തൊട്ടുകൂടായ്മക്കെതിരെ നടത്തിവന്ന പോരാട്ടങ്ങൾ ഇതിനകം ശ്രദ്ധനേടിയിരുന്നു. മധുരദാസ്, ദ്വാരകദാസ്, നാരായണസ്വാമി എന്നിവർക്കൊപ്പമാണ് പെരിയാർ വൈക്കത്ത് എത്തിയത്.
പ്രസംഗവും അറസ്റ്റും
വൈക്കം സത്യഗ്രഹസമരത്തിന്റെ സാരഥ്യം ഏറ്റെടുത്ത പെരിയാർ വിവിധയിടങ്ങളിലെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൂറോളം പ്രസംഗങ്ങൾ നടത്തി. രാജാവിനെയും ബ്രാഹ്മണ്യത്തെയും നിശിതമായി വിമർശിച്ചായിരുന്നു പ്രസംഗങ്ങൾ. സമരം വീണ്ടും സജീവമായെന്ന് മനസ്സിലാക്കിയ ഭരണകൂടം വൈക്കത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രസംഗിച്ച പെരിയാറിനെയും മറ്റ് മൂന്നുനേതാക്കളെയും 1924 ഏപ്രിൽ 23ന് അറസ്റ്റുചെയ്ത് അരൂക്കുറ്റിയിലെ ജയിലിൽ അടച്ചു.
അണയാത്ത തീയിൽ ‘വൈക്കം വീരൻ’
പെരിയാറിനെ ജയിലിലടച്ചെങ്കിലും പോരാട്ടവീര്യം നിലച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മാൾ വൈക്കത്തെത്തി. വനിതകളെ സംഘടിപ്പിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്തി. സഹോദരി ആർ.എസ്. കണ്ണമ്മാളും അണിചേർന്നു. നാടുമുഴുവൻ സത്യഗ്രഹ ഭജനയും ഘോഷയാത്രകളും കൊണ്ടുനിറഞ്ഞ് സമരം അതിന്റെ ഉച്ചസ്ഥായിയിലെത്തി.
പെരിയാർ ജയിൽമോചിതനായി വീണ്ടും സത്യഗ്രഹത്തിൽ പങ്കെടുത്തു. എന്നാൽ, ദേശഭ്രഷ്ട് കല്പിച്ചുകൊണ്ടാണ് ഭരണകൂടം നേരിട്ടത്. ഈ ഉത്തരവും ലംഘിക്കപ്പെട്ടു. ആറുമാസം കഠിനതടവായിരുന്നു അതിനു ശിക്ഷ. പാർപ്പിച്ചതാകട്ടെ, കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലും. വൈക്കത്തെ നായകത്വം, ‘വൈക്കം വീരൻ’ എന്ന ബിരുദം അദ്ദേഹത്തിന് സമ്മാനിച്ചു.


