എസ്.ഐ.ആർ: വോട്ടർപട്ടിക പുതുക്കൽ തുടങ്ങി
text_fieldsവോട്ടർപട്ടിക തീവ്ര പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ ആദ്യത്തെയും രണ്ടാമത്തെയും അംഗങ്ങളായി മുൻ സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീമിനെയും ഭാര്യ കെ. സഫറുന്നിസയെയും ചേർക്കുന്നു
ആലപ്പുഴ: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) വീടുകളിലെത്തി എന്യുമറേഷൻ ഫോമുകൾ നൽകി വോട്ടർപട്ടിക പുതുക്കൽ തുടങ്ങി. കാർത്തികപ്പള്ളി താലൂക്ക്തല എസ്.ഐ.ആർ പരിഷ്കരണത്തിൽ മുൻ സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീമിനെ ആദ്യഅംഗമായി ചേർത്തു. രണ്ടാംഅംഗമായി ഭാര്യ കെ. സഫറുന്നിസയെയും.
കാർത്തികപ്പള്ളി പത്തിയൂർ വില്ലേജിലെ ഹക്കീമിന്റെ കുടുംബവീടായ കൊച്ചുപറമ്പിൽ എത്തിയാണ് അംഗത്വഫോം നൽകിത്. നിശ്ചിത രേഖകളും സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോഴും സാങ്കേതിക കാരണങ്ങളാൽ നാട്ടിലെ ഒരാളും പട്ടികയിൽനിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബ്ദുൽ ഹക്കീം പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ആർ. സുധീഷ്, വില്ലേജ് ഓഫിസർമാരായ എ. സഹീർ, പത്‌മകുമാർ, ബി.എൽ.ഒമാരായ ഐ. റിയാസ്, ഹന്നത്ത്, റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളായ നസീബ് ഖാൻ, റിയാസ് പുലരി, ഷറഫ് കളത്തിൽ, അബ്ദുൽ മനാഫ്, സലാഹുദ്ദീൻ ഇശൽ, നിസാർ ഇദ്രീസ്, സലീം കടയിൽ, മുഹമ്മദ് ഹനീഫ, ബഷീർ ഫൗസി എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ആറ് ലക്ഷത്തിലേറെ വീടുകളിലെത്തി 17.24 ലക്ഷം പേരുടെ ഫോമുകൾ പൂരിപ്പിച്ചുവാങ്ങിയാണ് വോട്ടർപട്ടിക പുതുക്കുക. ഡിസംബർ നാലിനകം ഇതു പൂർത്തിയാകും.
തദ്ദേശതെരഞ്ഞെടുപ്പ് വോട്ടർപട്ടികയുമായി ഇതിനു ബന്ധമില്ല. വരുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾക്കുള്ളതാണ്. എന്യുമറേഷൻ ഫോമിൽ വോട്ടറുടെ ഫോട്ടോ ഉൾപ്പെടെയുള്ളവ അച്ചടിച്ചിട്ടുണ്ടാകും. മറ്റു വിവരം കൂടി പൂരിപ്പിച്ച് ബി.എൽ.ഒയെ തിരിച്ചേൽപ്പിക്കണം. ഫോമിനൊപ്പം രേഖകൾ ഇപ്പോൾ നൽകേണ്ട. തൊഴിൽ, വിദ്യാഭ്യാസം എന്നിവയുടെ ഭാഗമായി നാട്ടിൽ ഇല്ലാത്ത വോട്ടർമാർക്കായി, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഫോം പൂരിപ്പിച്ചുനൽകാം.
ബി.എൽ.ഒമാർ 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ വിവരങ്ങൾക്കൊപ്പം കുടുംബത്തിലെ മറ്റ് അംഗങ്ങളെ മാപ് ചെയ്യും. പൂരിപ്പിച്ച് തിരികെ ലഭിച്ച എല്ലാ ഫോമുകളിലും ഉൾപ്പെട്ട വോട്ടർമാരെ കരടുപട്ടികയിൽ ഉൾപ്പെടുത്തും. അത് ഡിസംബർ 12ന് പ്രസിദ്ധീകരിക്കും. ജനുവരി എട്ടുവരെ ആക്ഷേപം സ്വീകരിക്കും. ഫെബ്രുവരി ഏഴിനാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുക. സംശയനിവാരണത്തിനായി കലക്ടറേറ്റിൽ ഹെൽപ് സെസ്കുണ്ട്. ഫോൺ: 0477 2251801, വാട്‌സ്ആപ്: 9400534005.


