പല്ലനയിൽ കുടിവെള്ളമില്ല നാട്ടുകാർ നെട്ടോട്ടത്തിൽ
text_fieldsതൃക്കുന്നപ്പുഴ: തീരപ്രദേശമായ പല്ലനയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പ്രദേശവാസികൾ. പല്ലന കലവറ ജങ്ഷൻ മുതൽ കിഴക്കോട്ടുള്ള പ്രദേശങ്ങളിൽ ഒരു മാസമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പല്ലന ചന്തയിലുള്ള ഓവർ ഹെഡ് ടാങ്കിൽനിന്ന് വിതരണം ചെയ്യുന്ന വെള്ളമാണ് ഇവിടെ ലഭിക്കുന്നത്. പൈപ്പ് ലൈനുകളിലുണ്ടായ തകരാറാണ് പ്രശ്നം. നിരവധിതവണ പഞ്ചായത്തിലും വാട്ടർ അതോറിറ്റിക്കും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
പല്ലന ചന്ത, പുത്തൻപുര ജങ്ഷൻ, കുമാരകോടി എന്നിവിടങ്ങളിൽ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനുകൾ പൊട്ടിയൊഴുകുന്നത് പതിവാണ്. എന്നാൽ, സമയബന്ധിതമായി പരിഹരിക്കാൻ ജല അതോറിറ്റി പലപ്പോഴും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഗുരുതര പ്രശ്നങ്ങൾ വന്നാൽപോലും പരിഹാരത്തിന് കാലതാമസം വരുത്തുമെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി പരാതികൾ നൽകിയിട്ടും കുടിവെള്ള പ്രശ്നത്തിന് കാരണം കണ്ടെത്താൻ ബന്ധപ്പെട്ടവർ ഇതുവരെ എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് മുറിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടുന്നില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. കലവറ ജെട്ടി, ചിറയിൽ ഭാഗം, കരിയിൽ കടവ്, കലവറ ജങ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. വിലകൊടുത്തു വാങ്ങിയും ദൂരസ്ഥലങ്ങളിൽനിന്ന് ശേഖരിച്ചുമാണ് ജനങ്ങൾ നിത്യജീവിതം തള്ളിനീക്കുന്നത്.
വയോധികരും സാധാരണക്കാരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കുളങ്ങളിലും കിണറുകളിലും ഓരുവെള്ളം നിറഞ്ഞതിനാൽ പൈപ്പ് ജലം മാത്രമാണ് ഇവരുടെ ഏക ആശ്രയം. പാചകം ഒഴികെയുള്ള വീട്ടിലെ മറ്റ് ആവശ്യങ്ങൾക്ക് ഉപ്പുവെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
പ്രശ്നം ഇത്രയേറെ രൂക്ഷമായിട്ടും വാഹനത്തിൽ വെള്ളം എത്തിക്കാനുള്ള നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് മെംബർ അഖില രാജേഷ് പറഞ്ഞു.


