വേലിയേറ്റത്തിൽ കായൽതീരങ്ങൾ വെള്ളത്തിൽ; ദുരിതത്തിലാകുന്നത് രണ്ടായിരത്തിലധികം കുടുംബങ്ങൾ
text_fieldsവേലിയേറ്റം ശക്തമായതിനെത്തുടർന്ന് വെള്ളത്തിലായ തുറവൂർ പഞ്ചായത്ത് വളമംഗലം പ്രദേശം
തുറവൂർ: വേമ്പനാട്ടു കായലിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് അരൂർ മണ്ഡലത്തിലെ രണ്ടായിരത്തിലധികം വീടുകൾ വെള്ളത്തിലായി. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളുടെ പരിധിയിലാണ് ജനം ദുരിതമനുഭവിക്കുന്നത്. പുലർച്ചെ നാലിനും
വൈകുന്നേരം നാലിനുമാണ് ജലനിരപ്പുയരുന്നതും വീട്ടുമുറ്റത്തേക്ക് കുത്തിയൊഴുകിയെത്തുന്നതും. രണ്ടു ദിവസമായി വേലിയേറ്റം കൂടുതലാണെങ്കിലും തിങ്കളാഴ്ച മുതലാണ് ഇത്രയേറെ വെള്ളം കയറിയതെന്നാണ് ജനങ്ങൾ പറയുന്നത്. വേമ്പനാട്ടു കായലും കൈതപ്പുഴ കായലും നിറഞ്ഞു കവിയുകയാണ്. കൈവഴികളും പാടങ്ങളും തോടുകളുമെല്ലാം വേലിയേറ്റത്താൽ നിറയുന്ന സ്ഥിതിയുണ്ട്. മിക്ക വീടുകളുടെയും മുറ്റം കവിഞ്ഞ് വീടിനുള്ളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ചില വീടുകളുടെ അടുക്കളയിലും വെള്ളം നിറഞ്ഞു.
ടാങ്കുകളിൽ വെള്ളം നിറഞ്ഞതിനാൽ ശൗചാലയങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. പലയിടത്തും കരയിടിഞ്ഞതോടെ അമിതമായൊഴുകിയെത്തുന്ന ജലത്തെയുൾക്കൊള്ളാൻ കായലിനു കഴിയാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. കായൽ ഡ്രഡ്ജ് ചെയത് ആഴംകൂട്ടി ആ ചെളിയുപയോഗിച്ച് പുറം ബണ്ട് ഉയർത്തിയാൽ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്നാണ് തീരവാസികൾ പറയുന്നത്.
നാളുകളായി അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്ത് ജലാശയങ്ങൾക്ക് ആഴം കൂട്ടണമെന്നാണ് തീരവാസികളുടെ ആവശ്യം.കഴിഞ്ഞ ബജറ്റിൽ തുക അനുവദിച്ചെങ്കിലും പ്രായോഗികമായി ഒന്നും നടത്തുവാൻ കഴിഞ്ഞില്ല. ഇനിയെങ്കിലും തീരമേഖലയിലെ ജനങ്ങളുടെ രക്ഷക്കുവേണ്ടി കായലോരങ്ങളിൽ കൽക്കട്ട് നിർമ്മിക്കാനും തീരദേശ റോഡ് നിർമ്മിക്കാനും ഒപ്പം കായലിന്റെ ആഴം കൂട്ടുവാനും നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വരും വർഷങ്ങളിൽ വെള്ളം കയറുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
സാധാരണക്കാരായ ആളുകളാണ് കായലോരത്തും പാടങ്ങളുടെ അരികിലും വീടുവച്ച് താമസിക്കുന്നത്. അതിൽ അധികവും പട്ടികജാതിക്കാരും ധീവരരുമാണ്. നിരന്തരം വെള്ളം കയറുന്നതിനാൽ ഇവർക്കിവിടെ താമസിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്.തീരത്തു നിന്ന് മറ്റെവിടേക്കെങ്കിലും മാറി താമസിക്കാമെന്നു വിചാരിച്ചാൽ ഭൂമി വില താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് പറയുന്നത്.
വെള്ളപ്പൊക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി തുറവൂർ കരിയിലെ പത്തിന്റെ ചിറയിൽ സ്ഥാപിച്ചിരിക്കുന്ന മുട്ട് അപര്യാപ്തമാണെന്ന് ആരോപണം. തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് കവിഞ്ഞുകയറാതിരിക്കാനാണ് തുറവൂർ പഞ്ചായത്ത് മുട്ട് നിർമിച്ചത്. വെള്ളം കവിഞ്ഞു കയറിയാൽ അത് വീടുകളെ മുക്കുമെന്നു മാത്രമല്ല, പച്ചക്കറി കൃഷിയെയും സാരമായി ബാധിക്കും. ശക്തമായ വേലിയേറ്റത്തിൽ മുട്ട് കവിഞ്ഞ് വെള്ളം കയറി. നിർമാണത്തിലെ അപാകതയാണിതിനു കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.