തൈക്കാട്ടുശ്ശേരി പാർക്ക് ഇരുട്ടിൽ; സംരക്ഷണത്തിന് സംവിധാനങ്ങളില്ലെന്ന് ആക്ഷേപം
text_fieldsഇരുട്ടിലായ തൈക്കാട്ടുശ്ശേരി പാർക്ക്
തുറവൂർ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിനോടു ചേർന്ന അപ്രോച്ച് റോഡരികിൽ കോടികൾ ചെലവഴിച്ച് നിർമിച്ച പാർക്ക് ലൈറ്റുകൾ കത്താതെ ഇരുട്ടിലായിട്ട് മാസങ്ങൾ കഴിഞ്ഞു. തുറവൂർ ഗ്രാമത്തിന്റെ ഏറ്റവും ഭംഗിയുള്ള പ്രദേശമാണ് പാർക്കിനായി തെരഞ്ഞെടുത്തത്.
ദിവസേന നൂറുകണക്കിനാളുകളാണ് വിനോദത്തിനും വിശ്രമത്തിനും ഇവിടെ എത്തുന്നത്. നോക്കാനും സംരക്ഷിക്കാനും ആളില്ലാതെ പാർക്ക് നശിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സ്വച്ഛവും സുന്ദരവുമായ ഈ കായലോരം വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ കഴിയണമെങ്കിൽ അധികൃതർ മനസ്സുവെക്കണം.
പാർക്കിലെ പുൽത്തകിടി ഉൾപ്പെടെ കരിഞ്ഞുണങ്ങിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. നിർദിഷ്ട തുറവൂർ-പമ്പ പാതയിൽ തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിൽ തൈക്കാട്ടുശ്ശേരി പാലത്തിന്റെ പടിഞ്ഞാറെക്കരയിലാണു പാർക്ക്.
വർഷങ്ങൾക്കു മുമ്പ് 2.5 കോടി ചെലവഴിച്ചാണ് പാർക്ക് നിർമിച്ചത്. പാർക്കിന്റെ മേൽനോട്ടം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. എന്നാൽ, പാർക്ക് തുറന്ന് കൊടുത്തതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംരക്ഷണമില്ലാതെ പാർക്ക് നശിക്കുകയാണ്. പാർക്കിനോട് ചേർന്ന കായലിൽ വൻതോതിൽ മാലിന്യം തള്ളുന്നത് പാർക്കിലെത്തുവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നടക്കാൻ എത്തുന്നവർ പിരിവിട്ടാണ് കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ ഉൾപ്പെടെ സംവിധാനമുണ്ടാക്കിയത്. പാർക്കിന്റെ സംരക്ഷണത്തിന് അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം. പഞ്ചായത്തിനെ പാർക്കിന്റെ ചുമതല ഏൽപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.


