ഓളപ്പരപ്പിലെ യാത്രക്ക് പിന്നാലെ വാനോളം ഉയർന്ന് കുടുംബശ്രീ അംഗങ്ങൾ
text_fieldsആകാശയാത്ര കഴിഞ്ഞ് കുടുംബശ്രീ അംഗങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ
തുറവൂർ: ഓളപ്പരപ്പിലെ യാത്രക്ക് പിന്നാലെ വാനോളം ഉയർന്നുള്ള യാത്ര ആസ്വദിച്ച് കുടുംബ ശ്രീ അംഗങ്ങൾ. കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് അംഗം ശ്രീദേവിയുടെ നേതൃത്വത്തിലായിരുന്നു 16 കുടുംബശ്രീ അംഗങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തിയത്. വിഷുദിനത്തിൽ രാവിലെ ഒമ്പതിനുള്ള വിമാനത്തിലായിരുന്നു യാത്ര.
ജനുവരിയിലാണ് യാത്രക്ക് ആലോചന നടന്നത്. അടുക്കളയിൽ ഒതുങ്ങിയും തൊഴിലുറപ്പും മാത്രം ജീവിതമാക്കിയവര്ക്ക് ഒരു ഉല്ലാസയാത്ര ലക്ഷ്യമിട്ടായിരുന്നു ഓളപ്പരപ്പിലൊരു യാത്ര സംഘടിപ്പിച്ചത്. വീണ്ടുമൊരു യാത്ര എന്ന ആലോചന വന്നപ്പോൾ പഞ്ചായത്ത് അംഗമാണ് വ്യത്യസ്തമായ ആകാശ യാത്രയെ കുറിച്ച് ആശയം കൊണ്ടുവന്നത്. നെടുമ്പാശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനം.
പഞ്ചായത്ത് അംഗം ഉൾപ്പെടെ 17 പേർ. ഫെബ്രുവരി 14ന് വിമാനടിക്കറ്റ് ബുക്ക് ചെയ്തു. വാർഡിൽ തന്നെയുള്ള ഒരാൾ എല്ലാത്തിനും സഹായിയായി എത്തിയപ്പോൾ കാര്യങ്ങൾ എളുപ്പമായി. തിരുവനന്തപുരത്ത് എത്തിയപ്പോൾ തുടർ യാത്രക്ക് ട്രാവലർ സജ്ജമാക്കിയിരുന്നു. പൂവാർ ബോട്ടിങ്, ആഴിമല, കോവളം ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ട്രെയിനിൽ തുറവൂർ സ്റ്റേഷനിൽ രാത്രി ഒമ്പതിന് മടങ്ങിയെത്തി.