തീരദേശ റെയിൽപാതയിൽ ദുരിതയാത്ര തുടരുന്നു
text_fieldsതീരദേശ റെയിൽവേയിൽ ആലപ്പുഴ -എറണാകുളം യാത്രക്കാരുടെ തിരക്ക്
തുറവൂർ: ആലപ്പുഴയിൽ നിന്നും രാവിലെ എറണാകുളത്തേക്കുള്ള മെമു പാസഞ്ചർ ട്രെയിനിലെ തിങ്ങിഞെരുങ്ങിയുള്ള ദുരിതയാത്ര തുടരുന്നു. ബോഗികളുടെ എണ്ണം കൂട്ടുകയോ മറ്റൊരു പാസഞ്ചർ ട്രെയിൻ കൂടി അനുവദിക്കുകയോ ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കാലുകുത്താൻ പോലും ഇടമില്ലാതെ തിങ്ങിനിറഞ്ഞാണ് ഓരോ ബോഗികളിലും യാത്ര.എത്രയോ കാലമായി പരാതി പറഞ്ഞിട്ടും നിവേദനമായി നൽകിയിട്ടും പ്രയോജനം ഇല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഓരോ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് എത്തേണ്ട ജനങ്ങൾ ആലപ്പുഴ-എറണാകുളം മെമുവിലേക്ക് തള്ളിക്കയറുകയാണ്. ചേർത്തല മുതൽ തിങ്ങിനിറഞ്ഞാണ് ട്രെയിൻ യാത്ര ചെയ്യുന്നത്. തുറവൂർ, എഴുപുന്ന, അരൂർ സ്റ്റേഷനുകളിൽ എത്തുമ്പോൾ യാത്രക്കാർക്ക് വാതിൽ പടിയിലൂടെ അകത്തേക്ക് കയറണമെങ്കിൽ അഭ്യാസവും പഠിച്ചിരിക്കണം. ട്രെയിൻ എഴുപുന്ന സ്റ്റേഷനിൽ എത്തുമ്പോൾ ഒട്ടേറെ യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന പതിവ് കാഴ്ചയാണ്. അരൂർ -കുമ്പളം പാലത്തിലൂടെ യാത്രക്കാർ തൂങ്ങിക്കിടക്കുന്ന ട്രെയിൻ പോകുന്നത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്. മെമുവിന് കുറഞ്ഞത് 16 ബോഗികൾ അനുവദിച്ചാൽ മാത്രമേ നിലവിലെ യാത്രാ യാത്രാദുരിതത്തിന് പരിഹാരമാവുകയുള്ളൂ. ഇക്കാര്യത്തിൽ റെയിൽവേ അധികൃതർ യാതൊരു നടപടിയിലും സ്വീകരിക്കുന്നില്ലെന്ന് തീരദേശ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
എറണാകുളത്തേക്ക് രാവിലെ ഒരു പാസഞ്ചർ ട്രെയിൻ കൂടി അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തുറവൂർ - അരൂർ ഉയരപാത നിർമ്മാണം നടക്കുന്നതു മൂലമുള്ള ഗതാഗതക്കുരുക്ക്, ട്രെയിൻ യാത്രക്കാരുടെ വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇങ്ങനെ ഞെരുങ്ങി യാത്ര ചെയ്യുന്നത് മൂലം പലപ്പോഴും സ്ത്രീകളായ യാത്രക്കാർ ബോധരഹിതരാകാറുണ്ട്. യാത്ര സുഗമമാക്കാൻ അധികൃതർ പിടിവാശി ഉപേക്ഷിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബോഗിയിൽ വായു സഞ്ചാരം കുറയുന്നത് മൂലമാണ് യാത്രക്കാർ ബോധരഹിതരാകുന്നത്.