കുടിവെള്ളത്തിന് തീരവാസികൾ നെട്ടോട്ടത്തിൽ
text_fieldsകുടിനീർക്ഷാമം രൂക്ഷമായ പള്ളിത്തോട് തീരമേഖലയിൽ വെള്ളത്തിനായി കുടങ്ങളുമായി കാത്തു നില്ക്കുന്ന വീട്ടമ്മമാർ
തുറവൂർ: പള്ളിത്തോട് തീര മേഖലകളിൽ കുടിനീർ ക്ഷാമം രൂക്ഷം. കഴിഞ്ഞ ഒരു മാസമായി കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവ് മുതൽ പഞ്ചായത്ത് പാലം വരെയും തുറവൂർ പഞ്ചായത്തിലെ 17, 18 വാർഡുകളിലുമാണ് കുടിവെള്ളക്ഷാമം അതിരൂക്ഷം. അരൂർ ഭാഗത്ത് പ്രധാന പൈപ്പ്ലൈൻ പൊട്ടിയതുമൂലം എല്ലായിടത്തും കഴിഞ്ഞ ദിവസങ്ങളിൽ കുടിനീർ ക്ഷാമം രൂക്ഷമായിരുന്നു.
എന്നാൽ ഇവിടെ കഴിഞ്ഞ ഒരു മാസമായി വെള്ളത്തിന്റെ ലഭ്യത വളരെ കുറവായിരുന്നു. പല ദിവസങ്ങളിലും വെള്ളം തുള്ളിയായി പോലും കിട്ടുന്നില്ല. പൈപ്പിന് മുന്നിൽ ഏറെ നേരം കാത്തുനിന്നാലും വെള്ളം ലഭിക്കുന്നില്ലെന്നും പലപ്പോഴും വരുന്നത് ഉപ്പു കലർന്ന വെള്ളമാണെന്നും നാട്ടുകാർ പറഞ്ഞു. പള്ളിത്തോട് റോഡ് മുക്കിൽ ബൂസ്റ്റർ പമ്പ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.