പൊക്കാളി പാടശേഖരങ്ങൾ വനാമി ചെമ്മീൻ കൃഷിയിലേക്ക്; കൃഷിമന്ത്രിക്ക് നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ
text_fieldsതുറവൂർ മേഖലയിലെ പൊക്കാളി പാടശേഖരങ്ങൾ
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപ് വരെ വ്യാപകമായി നെൽകൃഷി ചെയ്തുകൊണ്ടിരുന്ന പൊക്കാളി പാടശേഖരങ്ങൾ ഇപ്പോൾ തരിശു കിടക്കുകയാണ്. നെൽപ്പാടങ്ങൾ കൃഷിയോഗ്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിസ്ഥിതി സംഘടനകളും കർഷകത്തൊഴിലാളികളും.
പല കാരണങ്ങളാലും നെൽകൃഷിയോട് വിടപറഞ്ഞ കർഷകർ മത്സ്യകൃഷി വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനുള്ള നീക്കമാണ് നടക്കുന്നത്. കെ.എസ്.കെ.ടി.യു ഉൾപ്പെടെ കർഷക തൊഴിലാളി സംഘടനകളും കേരള കർഷക സംഘവും സി.ഐ.ടി.യുവും ഉൾപ്പെടെ സംഘടനകൾ മുഴുവൻ സമയ ചെമ്മീൻ കൃഷിക്ക് കളമൊരുക്കാനുള്ള നീക്കത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അടുത്തമാസം മന്ത്രി സജി ചെറിയാൻ പങ്കെടുക്കുന്ന സെമിനാർ അരൂരിൽ നടക്കും.
കേരളത്തിൽ സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടിയാണ് വനാമി ചെമ്മീൻ കൃഷിയിലേക്ക് പൊക്കാളിപ്പാടങ്ങളെ കൊണ്ടുവരുന്നത്. സമുദ്രോൽപന്ന വ്യവസായം അരൂർ മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ വനാമി ചെമ്മീൻ ഉത്പാദനം വ്യാപകമാക്കണം. ഇതിനുവേണ്ടിയുള്ള ശ്രമത്തിന് സി.പി.എം പരോക്ഷമായി ഒരുങ്ങുകയാണ്.
കടലോര മേഖലയിലെ ഓരുവെള്ളഭീഷണിയെ അതിജീവിക്കുന്നതാണ് പൊക്കാളിവിത്തുകൾ ഉപയോഗിച്ചുള്ള നെൽകൃഷി. വിതച്ച ഉടനെ മഴ പെയ്താലും വെള്ളത്തിന് പുറമെ വളരുന്ന നെൽവിത്തുകളാണിത്. പൊക്കത്തിലേക്ക് ആളുന്ന എന്നർഥം വരുന്ന നെല്ലായതിനാലാണ് പൊക്കാളി എന്ന പേരു കിട്ടിയത്. വളം ആവശ്യമില്ലാത്ത പ്രതിരോധശക്തി അധികമുള്ള നെൽവിത്താണിത്.
കേരളത്തിൽ ഇത്തരം വിത്തുകൾ വളരാൻ അപൂർവം പാടശേഖരങ്ങളാണുള്ളത്. അതിൽ ഏറ്റവും കീർത്തി കേട്ടതാണ് അരൂർ മേഖലയിലെ പൊക്കാളി പാടങ്ങൾ. ജില്ലയുടെ തെക്കൻമേഖലകളിൽ ഇതിനെ മുണ്ടകൻ പാടങ്ങൾ എന്നാണറിയപ്പെട്ടിരുന്നത്.
എന്നാൽ മുണ്ടകൻപാടങ്ങൾ ഇല്ലാതായെങ്കിലും അരൂർ മേഖലയിൽ അടുത്തിടയിൽ വരെ പൊക്കാളി വിളഞ്ഞിരുന്നു. ഓരു ജലവും തരിശുപാടശേഖരവും സമൃദ്ധമായ അരൂർ മേഖലയിൽ വനാമി ചെമ്മീൻ കൃഷിക്കും മത്സ്യകൃഷിക്കും വിപുലമായ സാധ്യതകളുണ്ടെന്നതിനാൽ പൊക്കാളി നെൽകൃഷി ചരിത്രത്താളുകളിൽ ഒതുങ്ങാനാണ് സാധ്യത.