ഡോക്ടർമാരില്ല; തുറവൂർ ഗവ. ആശുപത്രി ‘അത്യാസന്നനിലയിൽ’
text_fieldsആശുപത്രിയിൽ എത്തിയ രോഗികൾ ഒ.പി ടിക്കറ്റ് എടുക്കാൻ നിൽക്കുന്നു
തുറവൂർ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. കഴിഞ്ഞയാഴ്ച മൂന്നു ദിവസമാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കാതായത്. പ്രതിഷേധം ശക്തമായതോടെ രാത്രി കാലത്തു മാത്രമായി അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കാമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 36 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് ഏഴ് ഡോക്ടർമാരുടെ സേവനം മാത്രം. ഉണ്ടായിരുന്ന ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറ്റം വാങ്ങിപ്പോയി. ഒരാൾ പ്രസവാവധിയിലും മറ്റൊരാൾ രോഗാവധിയിലുമാണ്. ഒരാൾ ഉപരി പഠനത്തിനായും പോയി. നിലവിലുള്ള ഡോക്ടർമാരിൽ നാലുപേർ ഗൈനക്കോളജി വിഭാഗത്തിലേക്കുമാറും. ഒ.പി. തടസം കൂടാതെ നടത്താൻ കഴിയുന്നുണ്ടെങ്കിലും അതും തൃപ്തികരമല്ല. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയായതിനാൽ അത്യാഹിതവിഭാഗത്തിൽ ധാരാളം ആളുകൾ എത്താറുണ്ട്.
ദേശീയപാതയിൽ നിരന്തരമുണ്ടാവുന്ന റോഡ് അപകടങ്ങളിൽ പരിക്കേറ്റവരെ എളുപ്പം എത്തിക്കുന്നത് തുറവൂർ ആശുപത്രിയിലേക്കാണ്. ഒരപകടമുണ്ടായാൽ മുമ്പ് ധൈര്യമായി തുറവൂർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളേജുകളിലേക്ക് കൊണ്ടു പോകാമായിരുന്നു. ഗുരുതരമല്ലെങ്കിൽ അവിടെത്തന്നെ തുടർ ചികിത്സ ലഭ്യമാക്കാൻ കഴിയും. ഇപ്പോൾ സ്ഥിതി അതല്ല. ഡോക്ടർമാരുടെ കുറവ് മൂലം ആരെയും അഡ്മിറ്റ് ചെയ്യുന്നില്ല.
തുറവൂർ ഗവ. ആശുപത്രി എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തിച്ച് തുടങ്ങുമെന്ന് വർഷങ്ങളായി അധികൃതരും അവകാശപ്പെടുന്നതുകൊണ്ട് അരൂർ നിയോജക മണ്ഡലത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ ആശുപത്രികളിലെല്ലാം ഇപ്പോൾ കിടത്തിചികിത്സ ഒഴിവാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആയി തരംതാഴ്ത്തി ഇരിക്കുകയാണ്. ഒരാശുപത്രി എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തിച്ചാൽ മതിയെന്നാണ് സർക്കാർ നയം.
ആശുപത്രിയിലെ ഒ.പിയുടെ പ്രവർത്തനങ്ങളും താളം തെറ്റിയാണ് നടക്കുന്നത്. തർക്കങ്ങളും ബഹളവും പതിവായിരുന്നെങ്കിലും അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത് ആശുപത്രി ചരിത്രത്തിൽ ആദ്യമാണ്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടർ ഒരു മാസം പോലും തികയ്കാതെ നിർത്തിപ്പോയി. ദിവസവും ആയിരത്തിലധികം രോഗികൾ ഒ.പിയിലെത്തിയിരുന്ന ആശുപത്രിയിൽ മാസങ്ങളായി 500 ൽ താഴെ പേർ മാത്രമാണ് എത്തുന്നത്. തർക്കവും ബഹളവും മൂലം ദിവസവും ആശുപത്രി സംഘർഷഭരിതമാണ്. ഡോക്ടർമാരെ നിയമിക്കാതെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ഓഫീസർ എറയു. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും, കെട്ടിടങ്ങൾ ബഹുനിലകളായി പണിഞ്ഞെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചിട്ടില്ല.
ആധുനിക സൗകര്യങ്ങളോടെ തുറവൂർ ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു
തുറവൂര്‍: തുറവൂർ ഗവ: ആശുപത്രിക്ക് 6000 ചതുരശ്ര അടി വിസ്തൃതിയിൽ ആറു നില കെട്ടിടം പൂർത്തിയാകുന്നു. കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) 51 കോടി 40 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ താലൂക്കാശുപത്രിയായി തുറവൂർ ആശുപത്രി മാറും.
താഴത്തെ നിലയില്‍ സി.ടി സ്കാനുള്പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാകെയര്‍ യൂനിറ്റാണ് ഒരുക്കുന്നത്. ഒന്നാം നിലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നാലു തിയേറ്ററുകളുള്ള ഓപ്പറേഷന് തിയേറ്റര്‍ സൗകര്യം ഒരുക്കും. രണ്ടു മുതല്‍ ആറു വരെ വാര്‍ഡുകളിലായി 280 കിടക്കകള്‍, മൂന്നു ലിഫ്റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.
പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കുള്ള സ്കൈ വാക്ക് സംവിധാനം പ്രധാന ആകര്‍ഷണീയതയാണ്. 60.2 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. 2019 സെപ്തംബറിലായിരുന്നു കെട്ടിടത്തിന്റെ ശിലാസ്ഥാപനം.
2024 ന്റെ തുടക്കത്തില്‍ കെട്ടിടം നാടിന് സമര്പ്പിക്കുമെന്നുപ്രതീക്ഷിച്ചിരുന്നു. 2025 ൽ പൂർത്തിയാകുമെന്ന് പിന്നീട് പറഞ്ഞു. എപ്പോൾ ഉദ്ഘാടനം നടത്താൻ ആകുമെന്ന് ഇപ്പോൾ അധികൃതർക്ക് തിട്ടമില്ല. കെട്ടിടത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായിട്ടുണ്ട്. ഭവനനിർമാണ ബോർഡിനാണ് നിർമാണമേൽനോട്ടച്ചുമതല. അസംസ്കൃതവസ്തുക്കളുടെ വിലവർധനയ്ക്ക് ആനുപാതികമായി കരാർത്തുക പുതുക്കിനൽകുന്നതിൽ നേരിടുന്ന താമസമാണ് നിർമാണത്തെ ബാധിക്കുന്നതെന്ന് പറയുന്നു.
കൂടാതെ, ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കും അഗ്നിബാധയുണ്ടായാൽ വേണ്ടിവരുന്ന വെള്ളത്തിനുമായി ഭൂമിക്കടിയിൽ സ്ഥാപിക്കേണ്ട കൂറ്റൻ ജലസംഭരണി, പുതിയ കെട്ടിടത്തിൽനിന്ന് പഴയ കെട്ടിടത്തിലേക്ക് നിർമിക്കുന്ന റാംപ് എന്നിവയ്ക്കായുള്ള അനുമതികൾ വൈകിയിരുന്നു. ആറുനിലകളിലേക്ക് ലിഫ്റ്റ് സ്ഥാപിക്കുന്ന കാര്യത്തിലും ചില സാങ്കേതികപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കെട്ടിടം പൂർത്തിയായായാലും ആവശ്യത്തിനു ജീവനക്കാരെയും, ഡോക്ടർമാരെയും അനുവദിച്ചാൽ മാത്രമേ ആശുപത്രി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ.ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നാട്ടുമ്പുറങ്ങളിൽ താമസിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല എന്നതാണ്.
തുറവൂരിലും ഈ സ്ഥിതി ഉണ്ടാകാൻ സാധ്യതയുണ്ട്. ഡോക്ടർമാർക്ക് വേണ്ടി താമസസൗകര്യം ഇവിടെയില്ല. പട്ടണങ്ങളിൽ പോയി താമസിക്കേണ്ടി വരും. 10 വർഷമെങ്കിലും ഗ്രാമപ്രദേശങ്ങളിൽ നിർബന്ധമായും സർവീസ് നടത്തണമെന്ന നിബന്ധന കർശനമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തുറവൂർ ഗവ: ആശുപത്രിക്ക് വേണ്ടി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ കെട്ടിടം