കുടിശ്ശിക: തുറവൂർ വില്ലേജ് ഓഫിസിലെ വെള്ളംകുടി മുട്ടിച്ച് ജല അതോറിറ്റി
text_fieldsതുറവൂർ: ബിൽ അടക്കാത്തതിനെ തുടർന്ന് തുറവൂർ വില്ലേജ് ഓഫിസിന്റെ വാട്ടർ കണക്ഷൻ കട്ട് ചെയ്ത് വാട്ടർ അതോറിറ്റി. 10,000 രൂപ കുടിശ്ശിക വന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കുടിവെള്ള വിതരണം തടഞ്ഞത്.
കുറച്ചുനാളുകളായി വില്ലേജ് ഓഫിസിലെ വാട്ടർ മീറ്റർ കേടായിരുന്നു. മീറ്റർ മാറ്റിവെക്കുന്നത് സംബന്ധിച്ച അറിയിപ്പ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വില്ലേജ് ഓഫിസർക്ക് നൽകിയിരുന്നു. വില്ലേജ് ഓഫിസർ ഇക്കാര്യം ജില്ല ഭരണകൂടത്തെയും അറിയിച്ചു. എന്നാൽ ഫണ്ടില്ല എന്ന മറുപടിയാണ് ജില്ല ഭരണകൂടം നൽകിയത്.
മീറ്റർ മാറ്റിവെക്കാത്തതിനെ തുടർന്ന് ബില്ല് കൂടി കുടിശ്ശികയായി. തുടർന്നാണ് കഴിഞ്ഞദിവസം കണക്ഷൻ കട്ട് ചെയ്തത്. കുടിശ്ശികയും മറ്റും അതാത് സമയങ്ങളിൽ ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടും ഫണ്ട് ഇല്ലാത്തതിന്റെ പേരിലാണ് പണം അടക്കാൻ സാധിക്കാതെ വന്നത്.
നിലവിൽ നാല് വനിത ജീവനക്കാരുൾപ്പെടെ ഏഴ് ജീവനക്കാരാണ് വില്ലേജ് ഓഫീസിൽ ഉള്ളത്. വെള്ളത്തിന് മറ്റ് മാർഗങ്ങളും ഇല്ലാത്തതിനാൽ വില്ലേജ് ഓഫിസ് അടച്ചിടേണ്ട അവസ്ഥയാണ്.