തീരമേഖലകളിൽ വേലിയേറ്റം ശക്തം; വീടുകൾ വെള്ളത്തിൽ
text_fieldsതീരപ്രദേശത്തെ കായലോരങ്ങളിൽ വേലിയേറ്റത്തെ തുടർന്ന് വെള്ളത്തിലായ വീടുകളിലൊന്ന്
തുറവൂർ: കനത്ത വേലിയേറ്റംമൂലം തീരപ്രദേശങ്ങളിലെ കായലോരങ്ങളിൽ നൂറുകണക്കിനു വീട്ടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. പൊഴിച്ചാലുകളോടു ചേർന്നുനിൽക്കുന്ന പല വീടുകളും വെള്ളത്തിൽ മുങ്ങി. ചേരുങ്കൽ പൊഴിച്ചിറ കോളനി, പള്ളിത്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് കായൽ വെള്ളം കയറുന്നത്. പുലർച്ച അഞ്ചോടെ തുടങ്ങുന്ന വേലിയേറ്റം ഉച്ചക്കു ശേഷമാണ് കുറയുന്നത്.
പൊഴിച്ചാലുകൾക്ക് സമീപമുള്ള വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ ഭിത്തി ഇല്ലാത്തതാണ് കായൽ വെള്ളം ഇരച്ചുകയറാൻ കാരണം. വെള്ളക്കെട്ടുമൂലം വീടുകളിൽ ഭക്ഷണം പാകംചെയ്യാൻ പോലും കഴിയുന്നില്ല. അന്ധകാരനഴി തുറന്നാൽ മാത്രമേ വെള്ളക്കെട്ടു ഒഴിവാകൂ. വീടുകളും പറമ്പുകളും ചളി നിറഞ്ഞ നിലയിലാണ്. കരിങ്കൽ ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് നടപടിയില്ലെന്നു കായലോരവാസികൾ പറഞ്ഞു.