അരൂക്കുറ്റിയിൽ സാമൂഹിക വിരുദ്ധരുടെ താവളം വെട്ടിനിരത്തി
text_fieldsവാർഡ് മെംബറുടെ നേതൃത്വത്തിൽ പൊന്തക്കാട് വെട്ടിമാറ്റുന്നു
വടുതല: അരൂക്കുറ്റി പഞ്ചായത്ത് ശ്മശാനത്തിന് സമീപത്ത് സാമൂഹിക വിരുദ്ധർ താവളമാക്കിയ കാട് അരൂക്കുറ്റി പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വെട്ടി നശിപ്പിച്ചു.
മിർസാദ് റോഡിൽ വടുതല ജങ്ഷന് കിഴക്ക് ഭാഗത്തായി നീളത്തിൽ പടർന്ന് പന്തലിച്ചിരുന്ന പൊന്തക്കാട് നാളുകളായി സ്കൂൾ കുട്ടികൾ ഉൾപ്പെടെ വഴിയത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയായിരുന്നു. ലഹരി മാഫിയ സംഘങ്ങളും ഗുണ്ടാസംഘങ്ങളും ഇവിടെ താവളമാക്കിയിരുന്നു.
പകൽ സമയങ്ങളിൽ പുറം സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരും ഇവിടെയെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.
നിരവധിതവണ പൊലീസിന് പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല. സ്കൂൾ അധികൃതരും നാട്ടുകാരും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. ആറാം വാർഡ് അംഗം മുംതാസ് സുബൈറിന്റെയും അരൂക്കുറ്റി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എം. ഷാനവാസിന്റെയും നേതൃത്വത്തിലാണ് കാട് വെട്ടിത്തെളിത്.
അരൂക്കുറ്റി, വടുതല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങളും ഗുണ്ടാസംഘങ്ങളും വർധിച്ചുവരുന്നുണ്ട്. പൊലീസും എക്സൈസും നിഷ്ക്രിയത്വം തുടരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ജനങ്ങളുടെ നിരന്തര പരാതികൾ ഉണ്ടായിട്ടുപോലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്തത് ഇവരുടെ സ്വൈര്യവിഹാരത്തിന് കാരണമാകുന്നുണ്ട്.