സ്വീകാര്യതയേറി അരൂക്കുറ്റി-എറണാകുളം ബോട്ട് സർവിസ്
text_fieldsഅരൂക്കുറ്റി ജെട്ടിയിൽ ബോട്ട് അടുക്കുന്നു
വടുതല: അരൂർ ദേശീയ പാതയിലെ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട യാത്രക്ലേശത്തിന് പരിഹാരമായി ദീർഘ നാളത്തെ കാത്തിരിപ്പിനുശേഷം സർവിസ് ആരംഭിച്ച അരൂക്കുറ്റി-എറണാകുളം ബോട്ട് സർവിസിന് സ്വീകാര്യതയേറുന്നു.ആദ്യദിവസങ്ങളിൽ തേവരവരെ ഓടിയ ബോട്ട് സർവിസ് യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധി നേരിട്ടിരുന്നു. നേവിയുടെ സുരക്ഷാ മേഖലയിലൂടെ പോകാൻ പ്രത്യേക അനുമതി വേണമെന്നതിനാൽ ആദ്യം എറണാകുളത്തേക്ക് ഓടിയില്ല.
തേവരയിലെത്തിയാലും നഗര ഹൃദയത്തിലെത്താൻ വേറെ വാഹനങ്ങൾ ആശ്രയിക്കേണ്ടി വരുന്നതിനാൽ യാത്രക്കാർ കുറയാൻ കാരണമായി. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് അഞ്ചാം നാൾ മുതൽ നേവിയുടെ അനുമതി വാങ്ങി എറണാകുളം വരെ സർവിസ് നടത്തുകയായിരുന്നു. അതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധന വന്ന് തുടങ്ങിയിട്ടുണ്ട്.
യാത്ര ദുരിതം അനുഭവിക്കാതെ കുറഞ്ഞ യാത്ര നിരക്കിൽ എറണാകുളത്ത് എത്താവുന്നതിനാൽ വരും നാളുകളിൽ യാത്രക്കാർ കൂടാനാണ് സാധ്യത. ഉദ്യോഗസ്ഥർ, വിദ്യാർഥികൾ മറ്റ് അത്യാവശ്യക്കാർക്കെല്ലാം സൗകര്യപ്പെടുന്ന സമയ ക്രമീകരണവും കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്. ദിവസവും രാവിലെ ഏഴിന് പാണാവള്ളി ജെട്ടിയിൽനിന്ന് സർവിസ് തുടങ്ങി 7.25ന് പെരുമ്പളം മാർക്കറ്റ് ജെട്ടി എട്ടിന് അരൂക്കുറ്റിയിലെത്തി 8.45ന് തേവരയിലെത്തി ഒമ്പതോടെ എറണാകുളത്ത് എത്തും. വൈകീട്ട് 5.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 6.05ന് തേവര, 6.50ന് അരൂക്കുറ്റി, 7.20ന് പെരുമ്പളം, 7.30ന് പാണാവള്ളി എന്നിങ്ങനെയാണ് വൈകുന്നേരത്തെ സർവിസ്.
ബോട്ട് ഇടക്കൊച്ചിയിലും അടുപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തോപ്പുംപടിക്ക് പോകുന്ന യാത്രക്കാർക്ക് ഇത് പ്രയോജനമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. ബോട്ട് സർവിസ് നിലനിർത്താനായാൽ പഴയ കാല പ്രതാപത്തിലേക്ക് അരൂക്കുറ്റിയും പരിസരവും മാറുമെന്നതിൽ തർക്കമില്ല. അരൂക്കുറ്റിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും കഴിയും.