വേലിയേറ്റം: അരൂക്കുറ്റിയിലെ തീരപ്രദേശം വെള്ളക്കെട്ടിൽ
text_fieldsവേമ്പനാട്ടുകായലും കൈതപ്പുഴക്കായലും സംഗമിക്കുന്ന അരൂക്കുറ്റിയിലെ ഭാഗം
വടുതല: അരൂക്കുറ്റി പഞ്ചായത്തിന്റെ തീരദേശ വാർഡുകളെല്ലാം രൂക്ഷമായ വേലിയേറ്റത്താൽ വെള്ളപ്പൊക്ക ഭീഷണിയിൽ. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ അടച്ചതിനാൽ കായൽ കരയിലേക്ക് കയറി ജനജീവിതം ദുസ്സഹമായി. കുട്ടികളടക്കം ദൈനം ദിനമുള്ള പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും അന്തിയുറങ്ങുന്നതിനുപോലും വിഷമിക്കുന്നു.
വേമ്പനാട്ടുകായലും കൈതപ്പുഴക്കായലും സംഗമിക്കുന്ന അരൂക്കുറ്റിയിൽ മാലിന്യം നിറഞ്ഞത് വെള്ളക്കെട്ടിന്റെ രൂക്ഷത വർധിപ്പിക്കുന്നു. അരൂക്കുറ്റി പാലം മുതൽ കുടപ്പുറംവരെ കായലിൽ ഏക്കലും മണ്ണും നിറഞ്ഞത് കായലിന്റെ നീരൊഴുക്കിനും വെള്ളം ഉൾക്കൊള്ളുന്നതിനും തടസ്സമാകുന്നു.
കായലിൽ കണ്ടൽ കാടുകളുള്ള ഭാഗങ്ങൾ വേലിയിറക്ക സമയത്തു കരകളായി രൂപപ്പെടുന്നത് വർഷാവർഷം നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചക്കും പ്രജനനത്തിനും ഭീഷണിയാകുന്നു. ഇടത്തോടുകൾ മൈനർ ഇറിഗേഷൻ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടിയിരുന്നു.
എന്നിട്ടും ശക്തമായ വേലിയേറ്റത്തിൽ തോടുകളിലേക്ക് കയറുന്ന വെള്ളത്തിന്റെ വരവ് തീരദേശം അല്ലാത്ത വാർഡുകളിലും ഭീഷണിയാകുകയാണ്.
അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ഏരിയ ആകെ 11 സ്ക്വയർ കിലോമീറ്ററിൽ ഒതുങ്ങി നിൽക്കുന്നതിനാൽ സ്ഥല പരിമിതിയും പഞ്ചായത്തിന്റെ പ്രധാന വിഷയമാണ്. വിഷയത്തെ കുറിച്ച് 2022 ഒക്ടോബർ 22ന് സെമിനാറുകൾ സംഘടിപ്പിച്ച് ചർച്ച നടത്തി തയാറാക്കിയ റിപ്പോർട്ട് ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചെങ്കിലും ഇതുവരെ തുടർനടപടി ഉണ്ടായിട്ടില്ല.
ഓരുമുട്ട് സ്ഥാപിക്കൽ ടെൻഡർ ചെയ്യുന്നത് മൈനർ ഇറിഗേഷൻ വകുപ്പാണ്. ഇത് മുക്കാൽ ഭാഗവും സ്ഥാപിച്ചു കഴിഞ്ഞപ്പോൾ ദുരന്തം എന്നോണമാണ് ശക്തമായ വേലിയേറ്റം ഉണ്ടാകുന്നത്.
ഇതോടെ സ്ഥാപിച്ച മുട്ടുകൾ ഇറി ഗേഷൻ അധികൃതർ പൊട്ടിച്ചുവിടുകയും ബാക്കി ഇടാനുള്ളത് നിർത്തിവെക്കുകയും ചെയ്തു. പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ തുടങ്ങി പല പഞ്ചായത്തുകളുടെയും മേഖലകൾ വേലിയേറ്റത്താൽ വെള്ളത്തിനടിയിലായി. കാട്ടുപുറം മുതൽ വടക്കോട്ട് അരൂക്കുറ്റിവരെയും അവിടെനിന്ന് തെക്കോട്ട് കുടപുറം വരെയും കായൽസംരക്ഷണ ഭിത്തികെട്ടി ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടിയാൽ കായൽ കൈയേറ്റം അവസാനിക്കും.
2022ൽ പുളിങ്കുന്ന് നെല്ല് സംഭരണ കേന്ദ്രത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറി, ജില്ലയിലെ പ്രധാനപ്പെട്ട ഇംപ്ലിമെന്റ്റ് ഓഫിസേഴ്സ് അടക്കം ഉള്ളവർ പങ്കെടുത്ത് കായൽ ഡ്രഡ്ജിങ് ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്തതിരുന്നു. ഇവയിലൊന്നും തുടർനടപടി ഉണ്ടായില്ല.
തീരപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിൽ സ്വീകരിക്കേണ്ട പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് കെ.സി. വേണുഗോപാല്‍ എം.പി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.