ഈ നാട്ടുചന്തക്ക് ചന്തമേറെ
text_fieldsഇരുചക്ര വാഹനത്തിൽ കൃഷിയിടങ്ങളിൽനിന്ന് പച്ചക്കറി ശേഖരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ
വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലെ നാട്ടുചന്ത നാടിന്റെ മാത്രമല്ല, പരിസരപ്രദേശങ്ങളിലെയും കാർഷികപ്പെരുമ വിളിച്ചോതുന്നതാണ്. വിഷരഹിത പച്ചക്കറികൾ വാങ്ങാൻ ആവശ്യക്കാർ ഏറെയുള്ള പൊതുചന്തയാണിത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തനം.
തുടക്കത്തിൽ വിരലിലെണ്ണാവുന്നയിനം പച്ചക്കറി മാത്രമായിരുന്നു. ദിവസം കഴിയുന്തോറും വിവിധങ്ങളായ പച്ചക്കറിഇനങ്ങൾ കൂടിവരികയാണ്. പ്രദേശത്തുള്ള കൂടുതൽപേർ കൃഷി ചെയ്യാനും തുടങ്ങി. പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്ന വിഷരഹിത ഉൽപന്നങ്ങൾക്ക് മതിയായ വിലയും ലഭിക്കുന്നുണ്ട്. ഇതോടെയാണ് കൂടുതൽ പേർ സന്നദ്ധമായെത്തുന്നത്.
ഫാം ടു പ്ലേറ്റ് എന്നതാണ് ഈ നാട്ടുചന്തയുടെ ലക്ഷ്യം. കൃഷിയിടത്തിൽനിന്ന് നേരെ തീൻമേശയിലേക്കാണ് വിഭവങ്ങളെത്തുന്നത്. കർഷകരുടെ കൃഷിസ്ഥലത്തുനിന്ന് നാട്ടുചന്തയിലേക്ക് എത്തിക്കുന്ന പ്രവർത്തനം സി.ഡി.എസ് ചെയർപേഴ്സൻ ഷമീല ഹാഷിമിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഷമീലയുടെയും അഗ്രി സി.ആർ.പി ഷമീല ഷാഹുലിന്റെയും ടൂവീലർ യാത്ര നാട്ടുകാരുടെ നിത്യകാഴ്ചയായി മാറി. കൃഷിക്കാരിൽനിന്ന് അന്നത്തെ വിളവ് ശേഖരിച്ച് അവ നാട്ടുചന്തയിൽ എത്തിക്കുന്നത് സ്കൂട്ടറിലാണ്. ഒരാൾക്കും ഒരു രൂപ പോലും കുറയാതെ തൂക്കത്തിനനുസരിച്ച വിലയും നൽകുന്നു. എം.ഇ.സി ദീപ ബിജോയും വിൽപനയിൽ ഇവരോടൊപ്പം ചേരും. കുടുംബശ്രീ അംഗമായ മേനക ബാലകൃഷ്ണന്റെ 55 കെട്ട് ചീര ഒറ്റദിവസം വിറ്റ് റെക്കോഡിട്ടതും ഈ നാട്ടുചന്തയിലാണ്.
അരൂക്കുറ്റിയിൽ സ്ത്രീകൾ സ്വാശ്രയത്വം നേടുകയാണ് നാട്ടുചന്തയിലൂടെ. അനുവദിക്കപ്പെടുന്ന സാമ്പത്തികസഹായങ്ങൾ വിതരണം ചെയ്യുന്ന കുടുംബശ്രീ സംവിധാനത്തിൽനിന്ന് അരൂക്കുറ്റിയിലെ സി.ഡി.എസ് ഏറെ മുന്നേറുകയാണ്.