വയനാടിന് താങ്ങാവാൻ സാറ ഹുസൈന്റെ ചിത്രവും
text_fieldsവടുതല: ഡി.വൈ.എഫ്.ഐ യുടെ റീബിൽഡ് വയനാട് പദ്ധതിയിലേക്ക് താൻ വരച്ച ചിത്രം കൈമാറി ചിത്രകാരി സാറ ഹുസൈൻ. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ ചിത്രം ഏറ്റുവാങ്ങി. വയനാട്ടിൽ ഡി.വൈ.എഫ്.ഐ നിർമിച്ച് നൽകുന്ന വീടുകൾക്കായി വിവിധ ചലഞ്ചുകളിലൂടെ പണം ശേഖരിക്കുന്നുണ്ട്. ആക്രി ശേഖരിച്ചും തട്ടുകട നടത്തിയുമാണ് അരൂക്കുറ്റി മേഖല കമ്മിറ്റി പണം സ്വരുക്കൂട്ടുന്നത്. ഇതിലേക്കാണ് ചിത്രകാരിയും അക്കാദമി അവാർഡ് ജേതാവുമായ സാറ ഹുസൈൻ തന്റെ വ്യത്യസ്തമായ വരകളിലൊന്ന് സംഭാവനയായി നൽകിയത്.
കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ അക്രിലിക്ക് പെയിന്റിങ്ങുകളിൽ ഒന്നാണ് സാറ ഹുസൈൻ കൈമാറിയത്. മനുഷ്യരുടെ വേദനകൾ കലാകാരന്മാരുടെ കൂടി വേദനയാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ വയനാട് ദുരിതബാധിതർക്ക് സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിനൊപ്പം ചേർന്നതെന്നും അവർ പറഞ്ഞു. ചിത്രം ബംഗളൂരു സ്വദേശിയായ ബാസവരാജ് വാങ്ങുകയും തുക കൈമാറുകയും ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. ദിനൂപ് വേണു, വിനു ബാബു, അനുപ്രിയ, ഇ.എസ്. രഞ്ജിത്ത്, പി.എസ്. വിഷ്ണു, വി.എസ്. അനീഷ് എന്നിവർ സംബന്ധിച്ചു.