വീണ്ടും ആവേശത്തിര; പുളിങ്കുന്നിൽ സി.ബി.എൽ അഞ്ചാം മത്സരം
text_fieldsആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും ആവേശത്തിര തീർത്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അഞ്ചാം മത്സരം ശനിയാഴ്ച പുളിങ്കുന്നിൽ നടക്കും. ഉച്ചക്ക് രണ്ടിന് പമ്പയാറ്റിൽ രാജീവ് ഗാന്ധി ട്രോഫിക്കായുള്ള മത്സരത്തിൽ തീപാറും. വീയപുരം (വി.ബി.സി. കൈനരി), നടുഭാഗം (പി.ബി.സി. പുന്നമട), മേൽപാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നിരണം (നിരണം ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), നടുവിലേപറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്), കാരിച്ചാൽ (കെ.സി.ബി.സി.), ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്), ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടൻ വള്ളങ്ങളാണു കൊമ്പ് കോർക്കുന്നത്.
തൃശൂർ കോട്ടപ്പുറത്ത് നടന്ന നാലാം മത്സരത്തിൽ ടൈമർ കേടായതിനാൽ സമയത്തിന്റെ അടിസ്ഥാനത്തിലല്ല ഫൈനൽ ടീമുകളെ തെരഞ്ഞെടുത്തത്. ഹീറ്റ്സിൽ മുന്നിലെത്തിയ ചുണ്ടനുകളാണ് ഫൈനലിൽ മാറ്റരുച്ചത്. പുളിങ്കുന്ന് ജലോത്സവത്തിലും ടൈമർ അടിസ്ഥാനത്തിലാണോ മത്സരം ക്രമീകരിക്കുന്നതെന്നതിൽ വ്യക്തതയില്ല. ടൈമർ കേടായതിനാൽ ക്ലബുകൾ പ്രതിഷേധത്തിലാണ്.
പുന്നമടയിലെ നെഹ്റു ട്രോഫിക്കും കൈനകരിക്കും ശേഷം ആലപ്പുഴയിൽ മത്സരം എത്തുന്ന ആവേശത്തിലാണ് വളളംകളി പ്രേമികൾ. കഴിഞ്ഞ നാല് സി.ബി.എൽ മത്സരത്തിലും വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരമാണ് ജയിച്ചത്. എല്ലാ മത്സരത്തിലും ഫൈനലിൽ എത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ (പി.ബി.സി) മേൽപാടം ചുണ്ടന് ഇതുവരെ ജയം നേടാനായില്ല. വി.ബി.സി. കൈനകരിയുടെ വിജയയാത്ര’ തടയാനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 40 പോയന്റുമായി വീയപുരമാണ് ഒന്നാമത്. 35 പോയന്റുമായി മേൽപാടവും 32 പോയന്റുമായി നടുഭാഗവും രണ്ടും മൂന്നും സ്ഥാനത്താണ്. നടുവിലേപറമ്പൻ അഞ്ചും പായിപ്പാടും ആറും ചെറുതന ഏഴും കാരിച്ചാൽ എട്ടും ചമ്പക്കുളം ഒമ്പതും സ്ഥാനത്താണ്.


