കൈനകരിയിലും ‘വീരു’ തന്നെ
text_fieldsകൈനകരിയിൽ സി.ബി.എൽ ആദ്യമത്സരത്തിൽ ജേതാക്കളായ വീയപുരം ചുണ്ടൻ ഫിനിഷിങ് ലൈൻ മറികടന്നപ്പോൾ കൈനകരി വില്ലേജ് ബോട്ട് ക്ലബ് ടീം
അംഗങ്ങൾ തുഴ ഉയർത്തി വിജയാരവം മുഴക്കുന്നു
ആലപ്പുഴ: നെഹ്റുട്രോഫിക്ക് പിന്നാലെ കൈനകരിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അഞ്ചാം സീസണിലെ ആദ്യമത്സരത്തിലും ‘വീയപുരം ചുണ്ടൻ ജേതാക്കൾ. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ തുടർച്ചയായ രണ്ടാം കീരിടനേട്ടം. നെഹ്റു ട്രോഫിയിൽ ഇരട്ടഹാട്രിക് നഷ്ടമായതിന്റെ കണക്കുതീർക്കാൻ പോരിനിറങ്ങിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ (പി.ബി.സി) സ്വന്തം തട്ടകത്തിൽ മില്ലി മൈക്രോസെക്കൻഡിന് പിന്നിലാക്കിയാണു ജയം.
ഫോട്ടോഫിനിഷ്
ഫോട്ടോഫിനിഷിലൂടെയാണ് വീയപുരം 3:33:34 മിനിറ്റിൽ ഒന്നാമതെത്തിയത്. കണക്കുതീർക്കാനിറങ്ങിയ പി.ബി.സി തുഴഞ്ഞ മേൽപാടം ചുണ്ടൻ (3:33:62) രണ്ടും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (3:41:68) മൂന്നും സ്ഥാനം നേടി. മൂന്നാം ഹീറ്റിൽ മത്സരിച്ച മൂന്നു വള്ളങ്ങളും ഫൈനൽ യോഗ്യത നേടി. വള്ളംകളി പ്രേമികൾ കാത്തിരുന്ന ഹീറ്റ്സിൽ പി.ബി.സി ഒന്നാമതെത്തിയെങ്കിലും ഫൈനലിൽ ആവർത്തിക്കാനായില്ല. സ്വന്തം ക്ലബായ യു.ബി.സിയുടെ അഭാവത്തിൽ വില്ലേജ് ബോട്ട് ക്ലബിലൂടെ ആദ്യ സി.ബി.എൽ നേട്ടം കൈവരിച്ച ആഹ്ലാദത്തിലാണ് നാട്ടുകാർ. ആരാധകർ സ്നേഹത്തോടെ ‘വീരു’ എന്നുവിളിക്കുന്ന വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിക്ക് പിന്നാലെ സി.ബി.എൽ ആദ്യ ജയം നേടിയ സന്തോഷത്തിലാണ് പേരുകേട്ട പല ചുണ്ടൻവള്ളങ്ങളുടെയും ആസ്ഥാനമായ വീയപുരം പഞ്ചായത്ത്.
ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിന്റെ ആദ്യമത്സരത്തിന് മുന്നോടിയായി നടന്ന ചുണ്ടൻവള്ളങ്ങളുട മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിക്കുന്ന ടൂറിസം അഡീഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷ്
ത്രസിപ്പിച്ചു ലൂസേഴ്സ് ഫൈനലുകൾ
ലൂസേഴ്സ് ഫൈനലും ത്രസിപ്പിക്കുന്നതായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രണ്ടാം ലൂസേഴ്സ് ഫൈനലിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (3:39:41) ഒന്നാമതെത്തി. ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ (3:40:08) രണ്ടാമതും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാട് ചുണ്ടൻ (3:55:46) മൂന്നാമതുമെത്തി. ഒന്നാം ലൂസേഴ്സ് ഫൈനലിൽ തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ് തുഴഞ്ഞ ചെറുതന ചുണ്ടൻ (3:58:03) ഒന്നാമതെത്തി. കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (3:58:24) രണ്ടും ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ (4:10:70) മൂന്നും സ്ഥാനം നേടി.
തീപാറി ഹീറ്റ്സുകൾ
പമ്പയാറ്റിൽ മൂന്നു ഹീറ്റ്സുകളായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. വള്ളംകളി പ്രേമികൾ പ്രവചിച്ചതുപോലെ മൂന്നാം ഹീറ്റ്സിൽ തീപാറി. പി.ബി.സിയും വി.ബി.സിയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ജയം പി.ബി.സിയുടെ (3:27:42) കൂടെയായിരുന്നു. മൈക്രോസെക്കൻഡ് വ്യത്യാസത്തിലാണ് ജേതാക്കളായ വീയപുരം ചുണ്ടനെ (3:27:61) പിന്നിലാക്കിയത്. നിരണം ചുണ്ടൻ (3:27:57) മൂന്നാമതെത്തി. ഒന്നാം ഹീറ്റ്സിൽ നടുഭാഗംചുണ്ടൻ (3:35:47) ഒന്നാമതെത്തി. തുടക്കം മുതൽ ഒപ്പത്തിനൊപ്പം തുഴയെറിഞ്ഞ നടുവിലേപറമ്പൻ (3:35:75) രണ്ടാമതും ചമ്പക്കുളം ചുണ്ടൻ (4:12:83) മൂന്നാമതുമെത്തി. രണ്ടാം ഹീറ്റ്സിൽ പായിപ്പാടൻ (3:50:94) ഒന്നാമതെത്തിയപ്പോൾ ചെറുതന ചുണ്ടൻ (3:52:87) രണ്ടും കാരിച്ചാൽ (3:53:98) മൂന്നും സ്ഥാനം നേടി.
ജേതാക്കൾക്ക് അഞ്ചു ലക്ഷം
ആദ്യ സ്ഥാനക്കാർക്ക് അഞ്ചു ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് മൂന്നു ലക്ഷം മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. പങ്കെടുക്കുന്ന ഒമ്പത് ചുണ്ടൻവള്ളങ്ങൾക്കും നാലു ലക്ഷംവീതം ബോണസും ലഭിക്കും. 14 മത്സരങ്ങളുള്ള സി.ബി.എൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും.
കൊട്ടിക്കയറിയ ചെണ്ടമേളങ്ങളുടെ അകമ്പടിയിലാണ് സി.ബി.എൽ ആദ്യമത്സരത്തിന് കൊടിയേറിയത്. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പതാക ഉയർത്തി. ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രിൽ ടൂറിസം അഡീഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ സി.കെ. സദാശിവൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ അലക്സ് വർഗീസ് സന്ദേശം നൽകി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, കൈനകരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.എ പ്രമോദ്, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ കെ.കെ. ഷാജു, ആർ.കെ. കുറുപ്പ്, എസ്.എം. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു. മന്ത്രി പി. പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു.