സൗഹൃദമായിരുന്നു രാഷ്ട്രീയം
text_fieldsഅമ്പലപ്പുഴ: സുഹൃദ്ബന്ധങ്ങൾ നിലനിര്‍ത്തുന്നതില്‍ വി.എസ് എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. അദ്ദേഹം ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട പത്ര ഏജന്റുകൂടിയായ എ.കെ.ജി എന്നറിയപ്പെട്ട അഞ്ചുതെങ്ങില്‍ കുഞ്ഞന്‍ ഗോപാലനുമായി ഏറെ സൗഹൃദം പങ്കിട്ടിരുന്നു. ഡെറാസ് മില്ലിലെ ജോലിക്കാരന് കൂടിയായിരുന്നു എ.കെ.ജി. രാവിലെ പത്രവിതരണവും കഴിഞ്ഞ് വണ്ടാനം തൈവളപ്പ് വീട്ടില്‍നിന്ന് പറവൂരിലെത്തി വി.എസിനൊപ്പമാണ് ജോലിക്ക് പോയിരുന്നത്. ആ സ്നേഹബന്ധം എ.കെ.ജിയുടെ മകന് ഉദയകുമാറുമായും തുടര്‍ന്നുപോന്നു.
1978ലാണ് വി.എസിനെ കാണാനുള്ള ഭാഗ്യം ലഭിച്ചതെന്ന് ഉദയകുമാര്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തിന് പറവൂരില്‍ സ്വീകരണം സംഘടിപ്പിച്ചിരുന്നു. അന്നാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പ്രസംഗം കേള്‍ക്കുന്നതും. അതിനുശേഷമാണ് അച്ഛന്റെ സൗഹൃദംവെച്ച് പരിചയപ്പെടുന്നത്. പിന്നീട് 1991ല്‍ മാരാരിക്കുളത്തുനിന്ന് മത്സരിക്കുമ്പോള്‍ വി.എസിനൊപ്പം പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായപ്പോള്‍ പേഴ്സനല്‍ സ്റ്റാഫിലും ഉള്‍പ്പെടുത്തി. വി.എസിന്റെ അഭിപ്രായം മാനിച്ച് ഉദയനും കുടുംബവും വണ്ടാനത്തുനിന്ന് പറവൂരിലേക്ക് പിന്നീട് താമസം മാറി.