കനത്ത മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു
text_fieldsആലപ്പുഴ ജില്ലകോടതി വളപ്പിലെ ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നു
ആലപ്പുഴ: മഴ കനത്തതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ മൂന്നിടത്ത് ദുരിതശ്വാസക്യാമ്പ് തുറന്നു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗവ. എച്ച്.എസ്.എസ്, ചേർത്തല അംബേദ്കർ സാംസ്കാരികനിലയം, കുട്ടനാട് രാമങ്കരി വേഴപ്ര യു.പി. സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. എട്ട് കുടുംബങ്ങളിൽനിന്ന് 30പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള വെള്ളത്തിന്റെ വരവാണ് കുട്ടനാടിനെ വീണ്ടും ദുരിതത്തിലാക്കുന്നത്.
മടവീഴ്ചയിൽ വിവിധപാടശേഖരങ്ങൾ നിറഞ്ഞ് കരകവിഞ്ഞതും പ്രശ്നമാണ്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, തുടങ്ങിയ പ്രദേശങ്ങളിലാണ് ജലനിരപ്പ് ഉയർന്നത്. മൂന്നുദിവസമായി ഒരടിയിലേറെ ജലനിരപ്പാണ് ഉയർന്നത്. ഇതിൽ നെടുമുടി, പള്ളാത്തുരുത്തി, കാവാലം മേഖലയിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. കുട്ടനാട്ടിലെ ഗ്രാമീണറോഡുകൾ വെള്ളത്തിലാണ്.വെള്ളിയാഴ്ച പകലും രാത്രിയും പലയിടങ്ങളിലും കനത്തമഴയാണ് ലഭിച്ചത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ശനിയാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻവെള്ളത്തിന്റെ വരവിൽ കൂടുതൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കിലാണ് വെള്ളക്കെട്ട് അതിരൂക്ഷമായിട്ടുള്ളത്. വീയപുരം, ചെറുതന, കരുവാറ്റ, പള്ളിപ്പാട് പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. ആലപ്പുഴ നഗരസഭയിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. വീടിന്റെ ചുറ്റുമതിലിനുള്ളിലും പരിസരത്തും വെള്ളംനിറഞ്ഞതിനാൽ ദുരിതം ഇരട്ടിയാണ്.