അഭിനയ തികവിൽ വിസ്മയിപ്പിച്ച് സഹീർ മുഹമ്മദ്
text_fieldsകായംകുളം: ആലപ്പുഴ നഗരത്തിന്‍റെ തെരുവോരങ്ങളിലും ചൂനാട് ചന്തയിലെ കടമുറികൾക്ക് മുന്നിലും പതിച്ചിരുന്ന സിനിമ പോസ്റ്ററുകളുടെ കാഴ്ചകളിൽ നിന്നാണ് സഹീർ മുഹമ്മദ് എന്ന നടന്‍റ പിറവി. സിനിമയുടെ പിന്നണിയിൽനിന്ന് മുന്നിലേക്ക് വന്ന അനുഭവമാണ് കറ്റാനം ഇലിപ്പക്കുളം മങ്ങാട്ട് സഹീർ മുഹമ്മദിന് പറയാനുളളത്.
ഇതിനകം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവരാൻ ഈ കലാകാരന് കഴിഞ്ഞു. എക്കോ, കിഷ്കിന്ധാ കാണ്ഡം, ആൻഡ് ദി ഓസ്കാർ ഗോസ് ടു, ആദ്യരാത്രി, ഹലാൽ ലൗ സ്റ്റോറി, ശ്രീധന്യാ കാറ്ററിങ് സർവിസ്, പാപ്പച്ചൻ ഒളിവിലാണ്, പുഴു, വെള്ളം, ത്രിശങ്കു, ഈഡി തുടങ്ങി നിരവധി സിനിമകളിൽ സഹീർ അഭിനയിച്ചിട്ടുണ്ട്.
സ്കൂൾ നാടകങ്ങളിലൂടെ പകർന്നാട്ടത്തിന്‍റെ പാഠങ്ങൾ കുഞ്ഞുന്നാളിലേ സ്വായത്തമാക്കിയിരുന്നു. കാമ്പിശേരിയുടെയും തോപ്പിൽ ഭാസിയുടെയും നാട്ടിലെ ഹൈസ്കൂളിലെ നാടകങ്ങളിൽ മികച്ച നടനായി മാറി. കോളജ് കാലത്ത് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായി നിരവധി നാടകങ്ങളിൽ വേഷമിട്ടു. ഇതിനിടയിൽ സംവിധായക മോഹവും പേറിയാണ് സിനിമ വഴിയിലേക്കുള്ള യാത്ര. എന്നാൽ കാമറക്ക് പിന്നിൽ നിൽക്കാനായിരുന്നു യോഗം. സിനിമക്കാരുടെ നാടായ ആലപ്പുഴയിലെ ബാല്യകാല ജീവിതമാണ് സഹീറിൽ സിനിമ മോഹം മുളപ്പിക്കുന്നത്. പ്രശസ്ത സംവിധായകരായ ഫാസിൽ, ആലപ്പി അഷറഫ് എന്നിവരുമായുള്ള കുടുംബ ബന്ധവും ഇതിന് നിമിത്തമായി. ഫാസിലിന്‍റെ നിർദേശപ്രകാരമാണ് പ്രശസ്‌ത കാമറമാനായിരുന്ന ആനന്ദക്കുട്ടന്റെ സഹായിയായി സിനിമയിലേക്കുള്ള പ്രവേശനം. ഇത് ദക്ഷിണേന്ത്യൻ ഭാഷകളിൽ 35 ഓളം സിനിമകളുടെ ഭാഗമാകാൻ കാരണമായി. ജീവിത പ്രതിസന്ധികൾ പിടികൂടിയതോടെ ഛായാഗ്രഹണ സഹായിയുടെ കുപ്പായം അഴിച്ചുവെച്ച് പ്രവാസിയായി.
മരുഭൂമിയിലെ വെയിലിൽ പച്ചപിടിക്കാത്ത ജീവിതവുമായി തിരികെ നാട്ടിലെത്തി ഹാർഡ്‌വെയർ ഷോപ്പിലെ സെയിൽസ്മാനായി. അപ്പോഴും സിനിമ മോഹം ഉള്ളിൽ ചൂട് പിടിക്കുകയായിരുന്നു. ഫിലിം സൊസൈറ്റിയും സാംസ്കാരിക പ്രവർത്തനവുമായി സിനിമ സ്വപ്നങ്ങളെയും ഒപ്പം കൂട്ടി. ഇതിനിടയിൽ ഹ്രസ്വ ചിത്രങ്ങളുമായി കളം പിടിച്ചു. പലതും ശ്രദ്ധ നേടിയതിന്റെ കരുത്തിലാണ് വീണ്ടും സിനിമ രംഗത്തേക്ക് ഇറങ്ങുന്നത്. പഴയ ബന്ധങ്ങളിലെ ചിലരുടെ പരിഗണനയിൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി. ചെറിയ വേഷങ്ങളെങ്കിലും അഭിനയത്തികവിൽ ശ്രദ്ധ കവരാനായത് നേട്ടമായി. സീനുകൾ കൂടി കൂടി വന്നു.
ശ്രദ്ധേയ വേഷങ്ങൾ അവസരങ്ങൾ വർധിപ്പിക്കാൻ ഇടയാക്കി. ‘ലൗ അണ്ടർ കൺസ്ട്രക്ഷൻ’ എന്ന വെബ് സീരീസിൽ സുധാകരൻ നായർ എന്ന മുഴുനീളൻ കഥാപാത്രമായി നിറഞ്ഞുനിന്നു. ‘എക്കോ’യിലെ പൊലീസുകാരൻ ഏറെ ശ്രദ്ധ നേടി. പാപ്പച്ചൻ എന്ന പൊലീസുകാരനെ സ്വാഭാവികതയോടെ ഭാവതീവ്രമായി സഹീർ അവതരിപ്പിച്ചിരുന്നു. അഡിയോസ് അമിഗോ, -ഘ്ർ, ഡിയസ് ഈറെ, പ്രതിശ്ചായ എന്നിവയിലും ശ്രദ്ധിക്കപ്പെടുന്ന വേഷമിട്ടു. പ്ലൂട്ടോ, കൊല്ലം കോട്ട കമ്പനി തുടങ്ങിയവ റിലീസിന് ഒരുങ്ങുന്നു. ആനന്ദക്കുട്ടന്റെ സഹായിയായി നിൽക്കുമ്പോൾ മലയാളത്തിലെ അക്കാലത്തെ സൂപ്പർ താരങ്ങൾക്കും സംവിധായകർക്കുമൊപ്പവും തമിഴിൽ വിജയിക്കും സൂര്യക്കും വിജയകാന്തിനും വിക്രത്തിനുമൊപ്പവും പ്രവർത്തിക്കാനായതിന്റെ അനുഭവങ്ങളും പേറിയാണ് 57 കാരനായ സഹീറിന്റെ സിനിമ യാത്ര. ഇക്കാലയളവിൽ നിരവധി പുരസ്കാരങ്ങൾക്കും അർഹനായി.


