നിയന്ത്രണംവിട്ട മിനി വാൻ മീഡിയനിലിടിച്ച് മറിഞ്ഞ് 12 പേർക്ക് പരിക്ക്
text_fieldsദേശീയപാതയിൽ ചെങ്ങമനാട് ദേശം കവലയിൽ ശനിയാഴ്ച അപകടത്തിൽപെട്ട മിനി വാൻ
ചെങ്ങമനാട്: ദേശീയപാതയിൽ ദേശം കവലയിൽ നിയന്ത്രണംവിട്ട മിനി വാൻ മീഡിയനിലിടിച്ച് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ശനിയാഴ്ച പുലർച്ച 5.30ഓടെയായിരുന്നു അപകടം. ഇരിങ്ങാലക്കുട തൊട്ടിപ്പാലത്ത് നിന്ന് ചോറ്റാനിക്കരയിൽ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന 15ഓളം പേർ സഞ്ചരിച്ച വാനാണ് അപകടത്തിൽപെട്ടത്. പൊടുന്നനെ യു ടേൺ തിരിഞ്ഞ് റോഡിന് കുറുകെവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെയാണ് വാനിന്റെ നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറി മറിഞ്ഞത്.
പരുക്കേറ്റ 12 പേരെയും ദേശം സി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിപ്പാലം സ്വദേശികളായ കൊക്കാരമാക്കൽ മാലിനി (33), തൃശൂർ ഇല്ലത്തു പറമ്പിൽ മഹേഷ് (48), കരിമനക്കൽ ഗിരിജ (61), ഒന്നക്കാവിൽ സുലോചന (63), കൈമാപ്പറമ്പിൽ ഷൈലജ (61), പുള്ളിക്കൽ കുടുംബാംഗങ്ങളായ നളിനി (65), ബിന്ദു (54), ലത (59), സന്ധ്യ (50), സുപ്രിയ (46), അക്കാത്തിപ്പറമ്പിൽ കുടുംബാംഗങ്ങളായ ഗിരിജ (60), ബേബി (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരുക്കേറ്റ രണ്ട് പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. നെടുമ്പാശ്ശേരി പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിനിരയായ വാൻ പിന്നീട് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി


