വേങ്ങൂരിൽ ബസിന് പിന്നിൽ ലോറിയിടിച്ച് 12 പേർക്ക് പരിക്ക്
text_fieldsഎം.സി റോഡിൽ അങ്കമാലി വേങ്ങൂരിൽ സ്വകാര്യ ബസിന് പിന്നിൽ ചരക്കുലോറിയിടിച്ചുണ്ടായ അപകടം
അങ്കമാലി: എം.സി റോഡിൽ അങ്കമാലി വേങ്ങൂരിൽ സ്വകാര്യ ബസിന് പിന്നിൽ ചരക്ക് ലോറിയിടിച്ച് സ്ത്രീകൾ ഉൾപ്പെടെ 12 യാത്രക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഴുപേരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.15ഓടെ വേങ്ങൂരിലെ സ്വകാര്യ സ്കൂളിന് സമീപമായിരുന്നു അപകടം.
പെരുമ്പാവൂരിൽനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പിൽ നിർത്തിയതോടെ പിന്നിൽ വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. യാത്രക്കാർ മുന്നിലേക്ക് തെറിച്ച് സീറ്റിന്റെ കമ്പികളിൽ ഇടിച്ച് വീണു.
നെല്ലിക്കുഴി പുത്തൻപുര ആലിൻചോട്ടിൽ രേഷ്മ മോഹനൻ (31), കോതമംഗലം കാളമ്പാട്ട് അനിത ജോർജ് (30), കോതമംഗലം ഉരുളൻ തണ്ണി പൈതക്കൽ പി. പ്രതീഷ് കല (46), പെരുമ്പാവൂർ വല്ലം കോക്കനടത്തിൽ അലൻ ജോർജ് (20), കോതമംഗലം പീച്ചാനിക്കര റോസ് ക്രിസ്റ്റീന (39), കോതമംഗലം കറുകപ്പിള്ളിക്കുടി കെ.കെ. പ്രകാശൻ (54), കോതമംഗലം തട്ടേക്കാട് കുന്നപ്പിള്ളി വീട്ടിൽ അനന്ദു രാജൻ (25) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അങ്കമാലി വിശ്വജ്യോതി സ്കൂൾ അധ്യാപിക റോസ് ക്രിസ്റ്റീനയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. അപകടത്തെത്തുടർന്ന് എം.സി റോഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. അങ്കമാലി പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്.