ജനകീയ ഗായകൻ മെഹബൂബ് ഓർമയായിട്ട് ഇന്ന് 44 വർഷം
text_fieldsമെഹബൂബ്
മട്ടാഞ്ചേരി: കൊച്ചിക്കാരുടെ ഓർമകളിൽ പോലും മധുരം പെയ്യിക്കുന്ന ജനകീയ ഗായകൻ എച്ച്. മെഹബൂബ് ഓർമയായിട്ട് ചൊവ്വാഴ്ച 44 വർഷം തികയുകയാണ്. മെഹബൂബ് എന്ന പേരിന്റെ ഉറുദു അർഥം സൂചിപ്പിക്കും പോലെ തന്നെ കൊച്ചിക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു നാട്ടുകാർ ഭായി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന മെഹബൂബ്.
1926ൽ ഫോർട്ട്കൊച്ചി പട്ടാളത്ത് ജാതിക്ക വളപ്പിൽ ഹുസൈൻ ഖാന്റെയും ഖാല ജാന്റെയും രണ്ടാമത്തെ മകനായി ദഖ്നി മുസ്ലിം കുടുബത്തിൽ പിറന്ന മെഹബൂബ് ഖാൻ എന്ന ബാലൻ പട്ടിണിയോട് മല്ലടിച്ചാണ് വളർന്നത്. ബാല്യത്തിൽ തന്നെ പിതാവ് മരിച്ചു. കുട്ടികളുടെ പട്ടിണി മാറ്റാൻ മാതാവ് ഖാല ജാൻ കല്യാണ വീടുകളിൽ ഡോൾ കൊട്ടി പാടാൻ പോയിരുന്നു. പലപ്പോഴും മെഹബൂബിനെയും കൂടെ കൂട്ടി. ഈ യാത്രയാണ് മെഹബൂബിനെ സംഗീതത്തോടടുപ്പിച്ചത്.
പിന്നീട് ബ്രിട്ടീഷ് പട്ടാള ക്യാമ്പിൽ ഷൂ പോളിഷ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടപ്പോഴാണ് പട്ടാള ബാരക്കിലെ പാട്ടുകാരനായി മാറിയത്.1950ൽ ‘ചേച്ചി’ എന്ന സിനിമയിൽ ഭായിയുടെ ആദ്യ ഗാനം റെക്കോഡ് ചെയ്തെങ്കിലും 1951ൽ ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച ‘ജീവിതനൗക’ എന്ന ചലച്ചിത്രത്തിൽ പി. ലീലയോടൊപ്പം പാടിയ ‘വരു നായികേ’ എന്ന ഗാനവും ‘ആകാലേ ആരും കൈവിടും’ എന്ന ഗാനവും മെഹബൂബിനെ മലയാള സിനിമാലോകത്ത് സുപരിചിതനാക്കി. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി ഹിറ്റ് ഗാനങ്ങളിലൂടെ മെഹബൂബ് സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി. 1981ഏപ്രിൽ 22നാണ് മരിച്ചത്.
ഓർമ ദിനമായ ഇന്ന് വൈകീട്ട് 6.30ന് മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കൽവത്തിയിലെ ഹാളിൽ അനുസ്മരണം നടത്തുന്നുണ്ട്. 28ന് വൈകീട്ട് ആറിന് എം. ഇക്ബാൽ സാംസ്കാരിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലിയും ഒരുക്കിയിട്ടുണ്ട്.