പൈപ്പ് പൊട്ടി ആലങ്ങാട് ശുദ്ധജലവിതരണം നിലച്ചു
text_fieldsമറിയപ്പടി സിമിലിയക്ക് സമീപം കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴാകുന്നു
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെ എട്ടോളം പ്രദേശങ്ങളിൽ ശുദ്ധജല പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് ശുദ്ധജലം വിതരണം നിലച്ചു. കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ ദുരിതത്തിലായി. തിരുവാല്ലൂർ, മാളികംപീടിക-തിരുവാല്ലൂർ ലിങ്ക് റോഡ്, ആലങ്ങാട് കാവ്, പറവൂർ-ആലുവ റോഡിൽ സിമിലിയ മുതൽ മാളികംപീടിക വരെയുള്ള സ്ഥലങ്ങൾ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് കെ.എസ്.ഇ.ബിയുടെ കേബിൾ ജോലികൾ മൂലം കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടിയത്. ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി കുടിവെള്ള വിതരണം ആരംഭിച്ചിതിനിടയിലാണ് ഇവിടങ്ങളിൽ പൈപ്പ് ലൈൻ പൊട്ടിയത്.
ഇതോടെ, കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുകയാണ്. പലവിധ കാരണങ്ങളാൽ കുറേ മാസങ്ങളായി കൃത്യമായി കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ മൂലം വീണ്ടും ബുദ്ധിമുട്ടിലായത്.16 മുതൽ ജല അതോറിറ്റിയുടെ ജോലികൾ നടക്കുന്നതിനാൽ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജോലികൾ തീർന്നതിനാൽ ബുധനാഴ്ച മുതൽ പമ്പിങ് പുനരാരംഭിച്ചു. എല്ലായിടത്തും സുഗമമായി വെള്ളം കിട്ടിത്തുടങ്ങുന്നതിന് മുമ്പേയാണ് ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി ആരംഭിച്ചത്. റോഡിന്റെ വശങ്ങൾ മുറിച്ചാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതോടെ എട്ടിടത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ജല വിതരണത്തിന് തടസ്സം നേരിട്ടു. ചിലയിടത്ത് റോഡുകൾ തകർന്നിട്ടുണ്ട്. ബി.എസ്.എൻ.എൽ, റിലയൻസ് എന്നിവയുടെ കേബിൾ ജോലികളും സമാന രീതിയിൽ നടക്കുന്നുണ്ട്.
സിമിലിയക്ക് സമീപം കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴാകുകയാണ്. ജല അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഏകോപനമില്ലായ്മയാണ് ജനങ്ങളെ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിക്കാൻ കാരണമാകുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് പറഞ്ഞു. കേബിൾ വലിക്കുന്ന ജോലികൾ അടിയന്തിരമായി നിർത്തിവക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകണമെന്നും മനാഫ് ആവശ്യപ്പെട്ടു.