ആലങ്ങാട് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്നു
text_fieldsആലങ്ങാട്: കാലവർഷം ശക്തമായതോടെ ആലങ്ങാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപനിയും വ്യാപിക്കുന്നു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നീറിക്കോട് രണ്ടാം വാർഡിൽ അഞ്ച് പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നീറിക്കോട് രണ്ടാം വാർഡിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരാൾക്ക് ജീവഹാനി സംഭവിച്ചിരുന്നു.
മഞ്ഞപ്പിത്തവും ഡെങ്കിപനിയും പകർച്ച പനിയും ബാധിച്ചവരിൽ ഏറെയും യുവാക്കളും വിദ്യാർഥികളുമാണ്. ആശാ പ്രവർത്തകർ വീടുകൾ കേന്ദ്രീകരിച്ച് ചികിത്സ രീതികളും പരിസര ശുചീകരണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യാപൃതരായിട്ടുണ്ട്.കരിങ്ങാം തുരുത്ത്, ഒളനാട്, ആലങ്ങാട്, തിരുവാല്ലൂർ, മാളികംപീടിക തുടങ്ങിയ സ്ഥലങ്ങളിലും രോഗം സ്ഥീരികരിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് രോഗം ബാധിച്ചതിനാൽ പല സ്കൂളുകളിലും ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഹോട്ടൽ ഭക്ഷണങ്ങളിൽ നിന്നും പുറമേ നിന്നുള്ള ശീതള പാനീയങ്ങളിൽ നിന്നുമാണ് മഞ്ഞപ്പിത്തം പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.