പള്ളിയുടെ ഭണ്ഡാരക്കുറ്റി പൊളിച്ച് പണം കവർന്നു
text_fieldsആലങ്ങാട് ജുമാമസ്ജിദിന്റെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച
നിലയിൽ
ആലങ്ങാട്: ആലങ്ങാട് ജുമാമസ്ജിദിന്റെ ഭണ്ഡാരക്കുറ്റിയുടെ പൂട്ട് പൊളിച്ച് പണം കവർന്നു. രണ്ടാഴ്ചക്കുള്ളിൽ ഇത് രണ്ടാംതവണയാണ് ഭണ്ഡാരം കുത്തിത്തുറന്നത്. വെള്ളിയാഴ്ച പ്രഭാത നമസ്കാരത്തിന് എത്തിയവരാണ് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ആലങ്ങാട് വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ 100 മീ. പരിധിക്കുള്ളിലാണ് ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നത്. പള്ളി കോമ്പൗണ്ടിൽ സ്ഥാപിച്ച ഭണ്ഡാരമാണ് യുവാവായ മോഷ്ടാവ് കവർന്നത്.
ഏകദേശം 15,000 രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി മഹല്ല് പ്രസിഡന്റ് ബിനു അബ്ദുൽകരീം പറഞ്ഞു. ഉടൻ പൊലീസ് പരിശോധന നടത്തി. സി.സി ടി.വി കാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. തുണികൊണ്ട് മുഖം മറച്ചനിലയിലാണിയാൾ. ഒരാഴ്ചമുമ്പ് റോഡിനഭിമുഖമായി സ്ഥാപിച്ച മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് വൻതുക കവർന്നിരുന്നു.
ബാക്കി തുക മോഷ്ടാവിന് കൊണ്ടുപോകാൻ കഴിയാതെ ഭണ്ഡാരത്തിനരികിൽ ഉപേക്ഷിച്ചിരുന്നു. ഉപേക്ഷിച്ച തുക എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 15,000 രൂപ ഉണ്ടായിരുന്നു. അന്നും പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചതായി മഹല്ല് സെക്രട്ടറി എ.എം. അബ്ദുസ്സലാം പറഞ്ഞു.