കരുമാല്ലൂർ, ആലങ്ങാട് മേഖലയിൽ മോഷണം പെരുകുന്നു; നടപടി ഇഴയുന്നു
text_fieldsമനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടത്തിൽ നിന്ന് മോട്ടോർ കവർച്ച
നടത്തിയ നിലയിൽ
ആലങ്ങാട്: കരുമാല്ലൂർ, ആലങ്ങാട് മേഖലയിൽ മോഷണവും കവർച്ചാശ്രമവും പെരുകുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലാണ് മോഷണം നടന്നത്. നീറിക്കോട് എ.ആർ.ഡി 123-ാം നമ്പർ റേഷൻ കടയിലും സമീപത്തെ വീട്ടിലും മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളിലുമാണ് മോഷണം നടന്നത്.
നീറിക്കോട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലെ 102 ലിറ്റർ മണ്ണെണ്ണയാണ് രാത്രി ഊറ്റിയത്. വരാന്തയിൽ സൂക്ഷിച്ചിരുന്ന വീപ്പയിൽ നിന്നാണ് മണ്ണെണ്ണ ഊറ്റിക്കടത്തിയത്. തൊട്ടടുത്തുള്ള നെടുകപ്പിള്ളി ധനേഷ് സത്യന്റെ വീട്ടിൽനിന്ന് 3000 രൂപ വിലവരുന്ന മീറ്റർ ബോക്സ് കവർന്നു. മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളില് സൂക്ഷിച്ചിരുന്ന രണ്ട് മോട്ടോറുകളും കവർച്ച നടത്തി. ഒരു മാസത്തിനിടെ ഏഴ് മോട്ടോറുകൾ മാത്രം ഈ ഭാഗത്ത് നിന്ന് കവർച്ച ചെയ്തിട്ടുണ്ട്.
ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വർഷത്തിനിടെ നാൽപ്പതോളം മോഷണങ്ങളാണ് നടന്നത്. രണ്ടാഴ്ച മുമ്പ് നീറിക്കോട് പ്രദേശത്ത് ഒരു വീട് കുത്തിത്തുറന്ന് എട്ട് പവൻ കവർന്നിരുന്നു.
അന്തർ സംസ്ഥാന തൊഴിലാളികളായ കവർച്ച സംഘം ഇവിടെ തന്നെയുള്ള മറ്റൊരു വീട് കുത്തിത്തുറക്കുന്നത് കണ്ട നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് ഇവരിൽ സ്വർണം പിടികൂടിയത്. ഇവിടങ്ങളിൽ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.


