പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു, നടപടിയെടുക്കാതെ അധികൃതർ
text_fieldsകരുമാല്ലൂർ സഹകരണ ബാങ്കിനു മുന്നിൽ പൈപ്പ് ലൈൻ
തകർന്ന് വെള്ളം പാഴാകുന്നു
ആലങ്ങാട്: ശുദ്ധ ജല ക്ഷാമം രൂക്ഷമായിട്ടും പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം പാഴാകുന്നത് തടയാൻ നടപടിയെടുക്കാൻ തയാറാകാതെ അധികൃതർ. ആലങ്ങാട്, കരുമാല്ലൂർ മേഖലകളിൽ നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്.
ആലങ്ങാട്-കൂനമ്മാവ് റോഡിൽ കൊടുവഴങ്ങ പുതിയ റോഡ് കുളിക്കടവ് പാലത്തിലും, ആലുവ-പറവൂർ റോഡിൽ തട്ടാംപടി ജങ്ഷനിലുമാണ് രണ്ട് ദിവസമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. കരുമാല്ലൂർ സഹകരണ ബാങ്കിനു മുമ്പിലാണ് കൂടുതലായി വെള്ളം ഒഴുകുന്നത്. ഈ വെള്ളം നീറിക്കോട്-തട്ടാംപടി എം.എൽ.എ റോഡിലേക്ക് ഒഴുകി കെട്ടിക്കിടക്കുകയാണ്.
വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തെ കടകളിലേക്കും കാൽനടക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇവിടെ പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കി ദിവസങ്ങൾ കഴിയും മുമ്പാണ് വീണ്ടും ഇവിടെ പൈപ്പ് ലൈൻ തകർന്നത്. ഇതിന് പുറമെയാണ് കൊടുവഴങ്ങ പുതിയ റോഡ് കുളിക്കടവ് പാലത്തിലൂടെ പോകുന്ന 200 എം.എം പൈപ്പ് ലൈൻ തകർന്നത്. ഇവിടെയും രണ്ട് ദിവസമായി വെള്ളം പാഴാവുകയാണ്. അതേസമയം, പലയിടങ്ങളിലും പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴായിട്ടും അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ നിസ്സംഗത കാട്ടുന്നതായാണ് ആക്ഷേപം.


